Latest News

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫിസും പഞ്ചിങ്ങും അടുത്തയാഴ്ച മുതല്‍

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫിസും പഞ്ചിങ്ങും അടുത്തയാഴ്ച മുതല്‍
X

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ഇ ഓഫിസും പഞ്ചിംഗും അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇ ഓഫിസിന്റെ ട്രയല്‍ റണ്‍ തുടങ്ങിയിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച് അടുത്തയാഴ്ചയോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കും. പഞ്ചിങ്ങിനായി ഭൂരിപക്ഷം ജീവനക്കാരുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പിനെ പൂര്‍ണമായും ഇ ഓഫിസ് സംവിധാനത്തില്‍ കൊണ്ടുവരും.

ജില്ലാ മെഡിക്കല്‍ ഓഫിസുകളില്‍ ഇ ഓഫിസ് സജ്ജമാക്കി വരുന്നു. ഇവിടങ്ങളില്‍ ഇ ഓഫിസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും പരിശീലനം പൂര്‍ത്തിയായിവരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇതോടൊപ്പം ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ പുരോഗതിയും വിലയിരുത്തി. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതും ആരോഗ്യവകുപ്പ് ജീവനക്കാരുടെ ഫയലുകളുമാണ് ഇവിടെ തീര്‍പ്പാക്കുന്നത്. പലതും അവര്‍ക്ക് ആശ്വാസമാവാനുള്ളതാണ്. അനാവശ്യമായി ഫയലുകള്‍ വച്ചുതാമസിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ഓണ്‍ലൈനിലേക്ക് ചുവടുമാറുമ്പോള്‍ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സഹായകമാവും. അതിവേഗം ഫയലുകള്‍ കൈമാറാനും തീര്‍പ്പാക്കാനും ഫയലുകളുടെ സ്റ്റാറ്റസറിയാനും അനാവശ്യമായി ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ സഹായം ലഭ്യമാവുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it