Sub Lead

ഇടുക്കി ഡിസിസി പ്രസിഡന്റിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; കാര്‍ അടിച്ചുതകര്‍ത്തു

ഇടുക്കി ഡിസിസി പ്രസിഡന്റിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; കാര്‍ അടിച്ചുതകര്‍ത്തു
X

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ അഴിച്ചുവിട്ട അക്രമം വിവിധ ജില്ലകളിലേക്ക് വ്യാപിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍ നടന്നുവരികയാണ്. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് തൊടുപുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് സി പി മാത്യുവിന് മര്‍ദ്ദനമേറ്റത്. അദ്ദേഹത്തിന്റെ കാറിനുനേരെ കല്ലേറുമുണ്ടായി. കാര്‍ അടിച്ചുതകര്‍ത്തു.

ആക്രമണത്തില്‍ കാറിന്റെ മുന്‍വശം, സൈഡ്, റിയര്‍ വ്യൂ മിററുകള്‍ തുടങ്ങിയവയ്ക്ക് കേടുപാടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇതോടെ ജില്ലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. പരിക്കേറ്റ സി പി മാത്യുവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് സ്വപ്‌ന സുരേഷ് ജോലിചെയ്യുന്ന എച്ച്ആര്‍ഡിഎസിന്റെ ഓഫിസിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

രാത്രിയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ മാര്‍ച്ചും യോഗവും നടത്തി. ഇതിനിടെയാണ് അതുവഴി പോയ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ കാറിനുനേരേ ആക്രമണമുണ്ടായത്. നെറ്റിയിലും തലയ്ക്കുമാണ് പരിക്കേറ്റത്. കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി പോലിസ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ മുട്ടത്ത് നടന്ന യോഗത്തില്‍ പങ്കെടുത്ത് തൊടുപുഴ രാജീവ് ഭവനിലേക്ക് വരികയായിരുന്നു ഡിസിസി പ്രസിഡന്റ്. ഈസമയം തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടക്കുകയായിരുന്നു.

അവിടെയെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടയുകയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ വ്യാപക ആക്രമണമാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും അഴിച്ചുവിടുന്നത്. കാസര്‍ഗോഡ് നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐയുടെ പ്രകടത്തിനിടെയാണ് സംഭവം നടന്നത്. ഈ സമയത്ത് ഓഫിസില്‍ മണ്ഡലം പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്.

കെപിസിസി ആസ്ഥാനത്തിന് നേരേ കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണമുണ്ടായി. അടൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. കോണ്‍ഗ്രസ് അടൂര്‍ നഗരസഭാ വാര്‍ഡ് പ്രസിഡന്റ് ഡി സുരേന്ദ്രനാണ് പരിക്കേറ്റത്. കോണ്‍ഗ്രസ് പ്രകടനത്തിനിടെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയത് ഡിവൈഎഫ്‌ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചവറ പന്‍മനയില്‍ കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കോണ്‍ഗ്രസ് പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടല്‍.

Next Story

RELATED STORIES

Share it