Latest News

വീട് കയറി ഡിവൈഎഫ്‌ഐ ആക്രമണം; മാവേലിക്കരയില്‍ യുവതിക്കും മക്കള്‍ക്കും പരിക്ക്, വാഹനം അഗ്‌നിക്കിരയാക്കി

വീട് കയറി ഡിവൈഎഫ്‌ഐ ആക്രമണം; മാവേലിക്കരയില്‍ യുവതിക്കും മക്കള്‍ക്കും പരിക്ക്, വാഹനം അഗ്‌നിക്കിരയാക്കി
X

മാവേലിക്കര: മാവേലിക്കര മാങ്കാംകുഴിയില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക അക്രമം. എസ്ഡിപിഐ പ്രവര്‍ത്തകനായ മാമ്പ്ര കോളനിയില്‍ മാമ്പ്ര കിഴക്കതില്‍ ഷമീറിന്റെ വീട് ആക്രമിക്കുകയും ഷമീറിനെയും ഭാര്യ സമീനയെയും(25) മക്കളായ മുഹമ്മദ് ആദം(3), മുഹമ്മദ് അയാന്‍(1) എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു.

സമീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അജി വെട്ടിയാറിന്റെ ബൈക്ക് അക്രമികള്‍ അഗ്‌നിക്കിരയാക്കി.

ഞായറാഴ്ച്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ഷമീറിനെ മാരകയുധങ്ങളുമായി ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അരുണ്‍, അമിത്ത്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് വീടിന് മുന്നില്‍വച്ച് തടഞ്ഞു നിര്‍ത്തുകയും വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

തടയാനെത്തിയ ഷമീറിന്റെ ഭാര്യ സമീനയുടെ തലക്ക് അടിക്കുകയും മുടിക്ക് പിടിച്ച് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അതിനുശേഷം സിപിഎം മാങ്കാംകുഴി ലോക്കല്‍ കമ്മിറ്റി അംഗം ഷഹാനാസിന്റെയും ഡിവൈഎഫ്‌ഐ നേതാവായ സ്റ്റീഫന്റെയും നേതൃത്വത്തില്‍ ആറുനൂറ്റിമംഗലം, വെണ്മണി, കൊമ്മേരി എന്നിവിടങ്ങളില്‍ നിന്നുമെത്തിയ സായുധരായ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷമീറിന്റെ വീടും ഗൃഹോപകരണങ്ങളും തകര്‍ത്തു. സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അജി വെട്ടിയാര്‍, ഷംനാസ്, ഷഹനാസ്, നൗഷാദ് റാവുത്തര്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.

ആക്രമണം തുടങ്ങിയപ്പോള്‍ത്തന്നെ ഷമീര്‍ കുറത്തികാട് പോലിസില്‍ വിവരമറിയിച്ചിരുന്നു. പോലിസ് വരികയും ചെയ്തു. പക്ഷേ, പിന്നീട് പോലിസിനെ കാഴ്ച്ചക്കാരാക്കി നിര്‍ത്തിയായി ആക്രമണം. തുടര്‍ന്ന് മര്‍ദ്ദനമേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പോലിസ് കേസെടുത്തു.

സാരമായി പരിക്കേറ്റ സമീനയെയും കുട്ടികളെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട് തകര്‍ക്കുകയും ബൈക്ക് കത്തിക്കുകയും യുവതിയെയും മക്കളെയും എസ്ഡിപിഐ പ്രവര്‍ത്തകരെയും ആക്രമിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് ഇതുവരെയും കേസെടുത്തിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തിയാലുടന്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് സിഐ ഇഗ്‌നേഷ്യസ് അറിയിച്ചു.

Next Story

RELATED STORIES

Share it