Latest News

വാളുകളേന്തി ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച്; തടിയില്‍ നിര്‍മിച്ച വാള്‍ സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം

വിഎച്ച്പി നേതാവ് കുടപ്പനയ്ക്കല്‍ സ്വദേശി വിജയകുമാറിന്റെ വീട്ടില്‍ നിന്നാണ് തടിയില്‍ തീര്‍ത്ത നാല് വാളിന്റെ രൂപം സംഘടിപ്പിച്ചത്

വാളുകളേന്തി ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച്; തടിയില്‍ നിര്‍മിച്ച വാള്‍ സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പട്ടാപ്പകല്‍ വാളുകളേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റൂട്ട് മാര്‍ച്ച് നടത്തിയ കേസ്് അട്ടിമറിക്കാന്‍ ഗൂഢ നീക്കം. പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തടിയില്‍ നിര്‍മിച്ച ഡമ്മി വാള്‍ രൂപം സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

വിഎച്ച്പി നേതാവ് കുടപ്പനയ്ക്കല്‍ സ്വദേശി വിജയകുമാറിന്റെ വീട്ടില്‍ നിന്ന് തടിയില്‍ തീര്‍ത്ത നാല് വാളിന്റെ രൂപം കണ്ടെത്തിയെന്ന് ആര്യങ്കോട് പോലിസ് തേജസ് ന്യൂസിനോട് പറഞ്ഞു. പിടിച്ചെടുത്തത് വാള്‍ ആണോ എന്ന് ഉറപ്പിച്ച് പറയാനാകില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ കണ്ടെത്തിയത് എന്താണെന്ന് പറയാന്‍ കഴിയൂ എന്നും ആര്യങ്കോട് പോലിസ് പറഞ്ഞു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുമായി വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ തീരെ സഹകരിക്കുന്നില്ലെന്ന് ആര്യങ്കോട് പോലിസ് അന്വേഷണത്തിന്റെ പലഘട്ടത്തിലും വ്യക്തമാക്കിയിരുന്നു. എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോടും സംഘപരിവാര നേതാക്കള്‍ സഹികരിക്കുന്നില്ല എന്നാണ് അറിയുന്നത്. മെയ് 22ന് പരസ്യമായി വാളുകളുയര്‍ത്തി, വംശീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ കേസില്‍ ഇതുവരെ ഒരാളേയും അറസ്റ്റ് ചെയ്യാത്തതിനെതിരേ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യാജ തെളിവുകളുണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍, ലോഹത്തില്‍ തീര്‍ത്ത വാളുകളുമായി റൂട്ട് മാര്‍ച്ച് നടത്തിയതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴുമുണ്ട്. അതിലൊക്കെതന്നെയും യഥാര്‍ഥ വാളുകള്‍ ഉപയോഗിച്ചതായി വ്യക്തമാവുന്നുണ്ട്. എന്നിട്ടും തടിയില്‍ തീര്‍ത്ത ഡമ്മി വാളിന്റെ രൂപം സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നേര്‍ക്ക് നേരെ കണ്ട് മനസ്സിലാക്കാന്‍ കഴിയുന്ന വാളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായ ഘട്ടത്തിലാണ് പോലിസ് തന്നെ ആംസ് ആക്ട് പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തത്. ആര്യങ്കോട് പോലിസ് ആദ്യമേ തന്നെ ഇത് വ്യക്തമാക്കിയതാണ്. കേസ് ചാര്‍ജ്് ചെയ്യാന്‍ വൈകുന്ന ഘട്ടത്തില്‍ പോലിസിനെതിരേ ആക്ഷേപമുയര്‍ന്നപ്പോള്‍ ആര്യങ്കോട് പോലിസ് പറഞ്ഞത്, ഇത് യഥാര്‍ഥ വാള്‍ ആണോ ഉപയോഗിച്ചതെന്ന് പരിശോധിക്കണമെന്നാണ്. അതിന് ശേഷം ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചത് യഥാര്‍ഥ വാളുകളാണെന്ന് ഉറപ്പിച്ച ശേഷമാണ് ആര്യങ്കോട് പോലിസ് ആയുധനിയമപ്രകാരം കേസെടുത്തത്.

ഇപ്പോള്‍ തടിയില്‍ നിര്‍മ്മിച്ചതായിരുന്നു ദുര്‍ഗാവാഹിനി ഉപയോഗിച്ച വാള്‍ എന്ന് പോലിസ് പറയുന്നു എങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലിസിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് തടിയില്‍ നിര്‍മ്മിച്ച വാള്‍ സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നത്.

ആയുധ നിയമപ്രകാരം കേസ് നിലനില്‍ക്കണമെങ്കില്‍, ആയുധം കണ്ടെടുക്കണം. ഈ ആവശ്യവുമായി നിരവധി തവണ പോലിസ് സംഘപരിവാര നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ നിസ്സഹകരിക്കുകയായിരുന്നു. ഒടുവില്‍ ആയുധം ലഭിക്കാതെ വന്നപ്പോള്‍, സംഘപരിവാര നേതാക്കളുടെ താല്‍പര്യപ്രകാരം ഡമ്മി വാള്‍ സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാനാണോ പോലിസ് നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം, ഒരാഴ്ച നീണ്ട് നിന്ന ക്യാംപില്‍ വിദ്വേഷ പ്രസംഗം നടത്തിയ വിഎച്ച്പി-ആര്‍എസ്എസ് നേതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പോലും പോലിസ് ധൈര്യപ്പെട്ടിട്ടില്ല.

പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ സെക്രട്ടറി നവാസാണ് റൂട്ട് മാര്‍ച്ചിനെതിരേ ആദ്യം കാട്ടാക്കട ഡിവൈഎസ്പിയ്ക്കും പിന്നീട് ആര്യങ്കോട് പോലിസിലും പരാതി നല്‍കിയത്. പിന്നീട് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, വ്യക്തികള്‍ എന്നിവര്‍ മാര്‍ച്ചിനെതിരേ പരാതി നല്‍കി. പരാതിയുണ്ടായിട്ടും സ്വമേധയാ കേസെടുത്തതിനെതിരേയും ആര്യങ്കോട് പോലിസിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

ഒന്നിലധികം പരാതി ഉള്ളതുകൊണ്ടാണ് സ്വമേധയാകേസെടുത്തതെന്നാണ് ആര്യങ്കോട് എസ്എച്ച്ഒ പി ശ്രീകുമാരന്‍ നായര്‍ പറഞ്ഞത്്. ദുര്‍ഗാവാഹിനിയുടെ ഒരാഴ്ച നീണ്ട് നിന്ന കാംപില്‍ വിഎച്ച്പി-ആര്‍എസ്എസ് നേതാക്കള്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രഭാഷണം നടത്തിയിരുന്നു. ക്യാംപില്‍ മുസ്‌ലിം ആരാധനാലയങ്ങളായ ഗ്യാന്‍വാപി മസ്ജിദിലും മഥുരയിലെ ഈദ് ഗാഹ് മസ്ജിദിലും ബാബരി മസ്ജിദ് സംഭവം ആവര്‍ത്തിക്കുമെന്ന് വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര്‍ രാജശേഖരന്‍ പറഞ്ഞതായി മെയ് 23ലെ ജന്മഭൂമി പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം ഇതര മതവിശ്വാസികള്‍ക്കും അവരുടെ ആരാധനാലങ്ങള്‍ക്കുമെതിരായ ആക്രമണത്തിനുള്ള പരിശീലനമാണ് നല്‍കിയതെന്നു വ്യക്തമാവുകയാണ്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയിട്ടും പോലിസ് 153എ ചാര്‍ജ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് പരാതിക്കാര്‍ ആര്യങ്കോട് എസ്എച്ച്ഓയോട് ചോദിച്ചപ്പോള്‍ അതിനുള്ള തെളിവില്ലെന്നാണ് പറഞ്ഞത്.

ആയുധ നിയമപ്രകാര 425(1B)(b)മാണ് ആര്യങ്കോട് പോലിസാണ് കേസെടുത്തത്. 143നിയമവിരുദ്ധ കൂടിച്ചേരല്‍, 144മാരകായുധങ്ങളുമായി സംഘംചേരല്‍, 147വര്‍ഗീയ ലഹള, 153വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കല്‍, 149 എന്നീ വകുപ്പികളാണ് ചുമത്തിയിരിക്കുന്നത്.

നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ദിവസങ്ങള്‍ നീണ്ട ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ് നടന്നത്. കാംപിന്റെ സമാപന ദിവസമായ 22ന് വാളേന്തി പഥസഞ്ചലനവും നടന്നു. ഈ പഥസഞ്ചലനത്തിലാണ് മുന്നിലും പിന്നിലുമായി എട്ടോളം യുവതികള്‍ വാളുകള്‍ ഉര്‍ത്തിപ്പിടിച്ചു വര്‍ഗീയ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്. ഇവര്‍ക്ക് പുറമെ പഥസഞ്ചലനത്തിന്റെ മുഖ്യസംഘാടകരായി ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നു.

വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര്‍ രാജശേഖരനാണ് ക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തിയത്. ഡോ. നാരായണ റാവു, ആര്‍ ഗോപകുമാര്‍, കെ ജയകുമാര്‍, ഡോ. ഭദ്രന്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി ആര്‍ രാജശേഖരന്‍, ജോയിന്റ് സെക്രട്ടറി എം കെ ദിവാകര്‍, ദുര്‍ഗാവാഹിനി സംസ്ഥാന സംയോജിക റോഷ്‌നി എന്നിവരാണ് പരിപാടിക്ക് കാര്‍മികത്വം വഹിച്ചത്.

Next Story

RELATED STORIES

Share it