Latest News

വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍; ജാഗ്രത നിര്‍ദേശവുമായി ദുബയ് പോലിസ്

വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍; ജാഗ്രത നിര്‍ദേശവുമായി ദുബയ് പോലിസ്
X

ദുബയ്: സമൂഹമാധ്യമങ്ങളും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വഴി വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബയ് പോലിസ് നിര്‍ദേശിച്ചു. മാസത്തില്‍ 10 ശതമാനം വരെ ലാഭം ഉറപ്പുനല്‍കുമെന്ന വ്യാജ പ്രചാരണങ്ങള്‍ക്കാണ് നിരവധി പേര്‍ തട്ടിപ്പിന് ഇരയാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി പല കമ്പനികളും അറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പേരും ലോഗോയും പകര്‍ത്തി വിശ്വാസ്യത സൃഷ്ടിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ പലര്‍ക്കും നിയന്ത്രണ ഏജന്‍സികളില്‍ നിന്ന് യാതൊരു ലൈസന്‍സും നിലവിലില്ലെന്നതും ശ്രദ്ധേയമാണ്.

തട്ടിപ്പുകാരില്‍ ചിലര്‍ പിരമിഡ് രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. പുതുതായി നിക്ഷേപിക്കുന്നവരുടെ പണം ഉപയോഗിച്ച് പഴയ നിക്ഷേപകര്‍ക്ക് തിരിച്ചടവ് നല്‍കുകയും പിന്നീട് പൂര്‍ണമായി അപ്രത്യക്ഷരാവുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. നിയന്ത്രിത ധനകാര്യ വിപണിയിലോ നിക്ഷേപ മേഖലകളിലോ സ്ഥിരമായ 10 ശതമാനം മാസലാഭം യാഥാര്‍ഥ്യമല്ലെന്നും ഇത്തരം ഉയര്‍ന്ന ലാഭ വാഗ്ദാനങ്ങള്‍ക്ക് അപകടസാധ്യതയുണ്ടെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.

നിക്ഷേപത്തിന് മുന്‍പ് സ്ഥാപനങ്ങളുടെ ലൈസന്‍സ് ഔദ്യോഗിക ചാനലുകള്‍ വഴി ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സംശയകരമായ പരസ്യങ്ങളും പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ 'eCrime' പ്ലാറ്റ്‌ഫോം വഴിയോ 901 നമ്പറില്‍ വിളിച്ചോ റിപോര്‍ട്ട് ചെയ്യണമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it