Latest News

കോഫെപോസ തടവ് അവസാനിച്ചു; സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്ന് പുറത്തേക്ക്

കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ഐഎയുടെ കേസില്‍ മാപ്പുസാക്ഷിയാണ്.

കോഫെപോസ തടവ് അവസാനിച്ചു; സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയിലില്‍ നിന്ന് പുറത്തേക്ക്
X

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. നേരത്തെ, സ്വര്‍ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്.

വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി വന്‍ സ്വര്‍ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യുഎഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയുടെ സഹായത്തോടെ നടത്തിയത്. 30 കിലോയുടെ സ്വര്‍ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായര്‍ എന്‍ഐഎയുടെ കേസില്‍ മാപ്പുസാക്ഷിയാണ്. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്‍മാരെന്നാണ് സന്ദീപ് നായര്‍ തന്നെ എന്‍ഐഎ കോടതിയില്‍ പറഞ്ഞത്.


Next Story

RELATED STORIES

Share it