Latest News

ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
X

തൃശ്ശൂര്‍: ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് നിര്‍വ്വഹിച്ചത്. ജില്ലയിലെ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുകളുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങളാണ് ഫോറന്‍സിക് ലാബില്‍ ഒരുക്കിയിട്ടുള്ളത്. സാധാരണ റീജിയണല്‍ ഫോറന്‍സിക് ലാബുകളിലും സംസ്ഥാന ഫോറന്‍സിക് ലാബുകളിലുമുള്ള സൗകര്യത്തേക്കാള്‍ ലഘു സംവിധാനങ്ങളായിരിക്കും ഇവിടെ ഉണ്ടാവുക.


ഇരിങ്ങാലക്കുടയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ വരവോടെ തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് ലാബിലെ ഫോറന്‍സിക് കേസുകളാല്‍ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാകും. കൂടാതെ ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ കണ്ടെത്തുന്ന തൊണ്ടിമുതലുകള്‍ ഇരിങ്ങാലക്കുടയില്‍ തന്നെ പരിശോധിക്കാനാകും. ലാബിലെ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഫോറന്‍സിക് ലാബിന്റെ ക്രമീകരണത്തിനുമായി 1.5 കോടി രൂപയാണ് ചിലവഴിച്ചത്. നിലവില്‍ തൃശൂര്‍ ഉള്‍പ്പെടെ കൊല്ലം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഡിസ്ട്രിക്ട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ ഉള്ളത്.


ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ സമുച്ചയത്തില്‍ ഒന്ന്, രണ്ട് നിലകളിലായാണ് ഫോറന്‍സിക് സയന്‍സ് ലാബ് സംവിധാനമുള്ളത്. 3000 ചതുരശ്ര വിസ്തീര്‍ണത്തില്‍ ക്രമീകരിച്ച ലാബില്‍ കെമിസ്ട്രി ഡിവിഷന്‍, ഫിസിക്‌സ് ഡിവിഷന്‍, ബയോളജി ഡിവിഷന്‍ എന്നിങ്ങനെ മൂന്ന് ഡിവിഷനുകള്‍ ഉണ്ട്. മൂന്ന് ഡിവിഷനുകളിലായി നിലവില്‍ 6 താല്‍ക്കാലിക സയിന്റിസ്റ്റ് ഓഫീസര്‍മാരാണുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പി എസ് സി വഴിയുള്ള സ്ഥിര നിയമനം നടത്തും. തൊണ്ടിമുതലുകള്‍ പരിശോധിക്കുന്നതിന് അള്‍ട്രാ യുവി സ്‌പെക്ട്രോഫോട്ടോ മീറ്റര്‍, ബിഒഡി ഇന്‍ക്യുബേറ്റര്‍, ഡെന്‍സിറ്റി ഗ്രാഡിയന്റ്, സ്റ്റീരിയോ സൂം മൈക്രോസ്‌കോപ്, ബൈനോകുല്ലര്‍ മൈക്രോസ്‌കോപ്, ഫ്യൂമ്ഡ് ഹുഡ്, ഇലക്ട്രിക് ഓവന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ആണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഉള്ളത്.


ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഡിജിപി അനില്‍ കാന്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, വൈസ് ചെയര്‍മാന്‍ പി ടി ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ ഷാജി, തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി, തൃശൂര്‍ റേഞ്ച് ഫോറന്‍സിക് സയന്‍സ് ലാബ് ജോയിന്റ് ഡയറക്ടര്‍ സുലൈഖ, തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ റസാഖ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി സി ബിജുകുമാര്‍, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് പി സുധീരന്‍, ഇരിഞ്ഞാലക്കുട സൈബര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ പത്മരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it