Latest News

ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തീകരിക്കും; എറണാകുളം ജില്ലക്ക് ആദ്യ ഘട്ടത്തില്‍ 5,000 ഭക്ഷ്യക്കിറ്റുകള്‍

ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തീകരിക്കും; എറണാകുളം ജില്ലക്ക് ആദ്യ ഘട്ടത്തില്‍ 5,000 ഭക്ഷ്യക്കിറ്റുകള്‍
X

എറണാകുളം: ലോക്ക് ഡൗണ്‍ ആരംഭിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ജില്ലാ തല മോണിറ്ററിംഗ് കമ്മറ്റിയുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഭക്ഷണ കിറ്റുകളുടെ വാര്‍ഡ്തല വിതരണം, പ്രചരണം, വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കല്‍ തുടങ്ങിയവ യോഗം വിലയിരുത്തി. എറണാകുളം ജില്ലയ്ക്കായി 5,000 ഭക്ഷ്യ കിറ്റുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. സപ്ലൈകോയാണ് കിറ്റുകള്‍ തയാറാക്കുന്നത്.

രണ്ടാഴ്ചത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. അരി, കടല, ആട്ട, ഉപ്പ്, സണ്‍ ഫ്‌ളവര്‍ ഓയില്‍, പരിപ്പ്, സവാള, ഉരുളക്കിഴങ്ങ്, മുളകുപൊടി, അഞ്ച് മാസ് കുകള്‍ എന്നിങ്ങനെ പത്ത് ഇനങ്ങളാണ് കിറ്റിലുള്ളത്.

എറണാകുളം ജില്ലയില്‍ ശനിയാഴ്ച 97 അതിഥി തൊഴിലാളി ക്യാമ്പുകള്‍ ജില്ലാ ലേബര്‍ ഓഫിസര്‍, അസി. ലേബര്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ലോക്ക് ഡൗണ്‍ ആരംഭിച്ച സാഹചര്യത്തില്‍ പരമാവധി തൊഴിലാളികളെ നേരില്‍ കണ്ട് സ്വീകരിക്കേണ്ട മുന്‍കരുതലിനെ സംബന്ധിച്ച് സംസാരിച്ചു. കൊവിഡ് വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ 'ജില്ലാ ലേബര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണെന്നും തൊഴിലാളികളെ അറിയിച്ചു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകളടങ്ങുന്ന പോസ്റ്ററുകള്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും ക്യാമ്പുകളിലും ഗുണനിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുവായ ശുചിത്വത്തെക്കുറിച്ചും വിശദമായി വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണം നടത്തി. തൊഴിലാളികള്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കണമെന്നും രോഗലക്ഷണമുള്ള തൊഴിലാളികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണമെന്നും തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലയില്‍ 29,427 അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ജില്ലാ ലേബര്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജീവമാണ്.ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് ജില്ലാ നോഡല്‍ ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍ ) പുരുഷോത്തമന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കൂടിയായ ജില്ലാ ലേബര്‍ ഓഫിസര്‍ പി.എം. ഫിറോസ് സംസാരിച്ചു.

Next Story

RELATED STORIES

Share it