Latest News

ദുരന്തനിവാരണ സാക്ഷരത അനിവാര്യം: മന്ത്രി കെ രാജന്‍

ദുരന്തനിവാരണ സാക്ഷരത അനിവാര്യം: മന്ത്രി കെ രാജന്‍
X

തൃശൂര്‍: ദുരന്തനിവാരണ സാക്ഷരത അനിവാര്യമാണെന്നും പ്രവചനാതീതമായി വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലത്ത് ഓരോ വകുപ്പുകളും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി കെ രാജന്‍. പ്രളയ തയ്യാറെടുപ്പിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓണ്‍ലൈനായി സംഘടിപ്പിച്ച ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേന, കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, സംസ്ഥാനത്തെ മറ്റ് വകുപ്പുകള്‍ എന്നിവര്‍ പങ്കാളികളായ ടേബിള്‍ ടോപ്പ് എക്‌സര്‍സൈസില്‍ ജില്ലയില്‍ നിന്ന് കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ ലൈനായി പങ്കെടുത്തു.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകള്‍ യോഗത്തില്‍ വലയിരുത്തി. ഒരു സാങ്കല്പിക ദുരന്ത സാഹചര്യത്തില്‍ പ്രസ്തുത വകുപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ടേബിള്‍ ടോപ്പ് എക്‌സര്‍സൈസിലൂടെ പരിശോധിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങളാണ് സംസ്ഥാനത്തിന്റെയും തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. തൃശൂര്‍ ജില്ലയില്‍ നടന്ന മോക്ഡ്രില്ലിനെക്കുറിച്ച് യോഗത്തില്‍ പരാമര്‍ശമുണ്ടായി.

ഒരു ദുരന്ത സാഹചര്യത്തിനോട് പ്രതികരിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം രൂപീകരിച്ചിട്ടുണ്ട്. അത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധനയും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിലെ ഓരോ അംഗത്തിനും അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നുണ്ടോ എന്നും യോഗം വിലയിരുത്തി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലെഫ്റ്റ്.ജനറല്‍ സയിദ് അട്ട ഹസ്സൈന്‍ മേല്‍നോട്ടം വഹിച്ച പരിപാടിയില്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്‌റ്റേറ്റ് റിലീഫ് കമ്മീഷണറുമായ ഡോ.എ.ജയതിലക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it