Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തണോ അവധിയെടുക്കണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തണോ അവധിയെടുക്കണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം
X

തിരുവനന്തപുരം: പന്ത്രണ്ടുദിവസത്തെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നിലധികം സ്ത്രീകളുടെ പരാതികളായതിനാല്‍ കോണ്‍ഗ്രസില്‍ അതിനെച്ചൊല്ലി പല അഭിപ്രായങ്ങളാണ്.

കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിനാല്‍ നിലവില്‍ രാഹുല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയല്ല. പാര്‍ട്ടിയില്‍നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് എഴുതിനല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് അനുവദിക്കുന്ന സമയം രാഹുലിന് പ്രസംഗിക്കാന്‍ അനുവദിക്കില്ല. രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. പ്രത്യേകവിഷയങ്ങളിലെ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ സമയം അനുവദിച്ചാല്‍ത്തന്നെ ഒന്നോ, രണ്ടോ മിനിറ്റ് സംസാരിക്കാം.

രാഹുല്‍ സഭയില്‍ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള പലനേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ആരോപണമുക്തനാകുന്നതുവരെ രാഹുല്‍ അവധിയെടുക്കട്ടെയെന്നാണ് സതീശന്റെ നിലപാട്. എംഎല്‍എ എന്നനിലയില്‍ രാഹുലിന് സഭയില്‍വരുന്നതിന് സാങ്കേതികമായി തടസ്സമില്ല. അതിനാല്‍ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാര്‍ക്കുള്ളത്.

പാര്‍ട്ടിയെന്നനിലയില്‍ അദ്ദേഹത്തിന് പിന്തുണയൊന്നും നല്‍കേണ്ടെന്ന നിലപാടിനോട് എല്ലാവരും യോജിക്കുന്നു. എന്നാല്‍, ഭരണപക്ഷത്തുനിന്ന് രാഹുലിനെതിരേ ആക്രമണമുണ്ടാകുമ്പോള്‍ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഭരണപക്ഷാംഗങ്ങള്‍ക്കെതിരേ പ്രതിപക്ഷത്തിന് ശബ്ദമുയര്‍ത്തേണ്ടിവരും. രാഹുലിന്റെ രാഷ്ട്രീയഭാവി എന്നേക്കുമായി ഇല്ലാതാക്കരുതെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്. പോലിസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള പരാതിക്കാരില്ലാത്തതിനാല്‍ രാഹുലിനെതിരേ കടുത്തനടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it