Latest News

കൊറോണ ബാധിച്ചവര്‍ക്ക് അവധി നിഷേധിച്ചു? സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം; പ്രസ്താവന തുടരെത്തുടരെ തിരുത്തി സുധീര്‍ ചൗധരി

കൊറോണ ബാധിച്ചവര്‍ക്ക് അവധി നിഷേധിച്ചു? സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം; പ്രസ്താവന തുടരെത്തുടരെ തിരുത്തി സുധീര്‍ ചൗധരി
X

ന്യൂഡല്‍ഹി: സീ ന്യൂസ് ചാനലിന്റെ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധം. സുധീര്‍ ചൗധരി കൊവിഡ് 19 ബാധിച്ച തന്റെ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവധി നിഷേധിച്ചുവെന്ന ആരോപണത്തിനു പുറത്താണ് പ്രതിഷേധം കനക്കുന്നത്. രോഗബാധിതര്‍ ജോലിക്കെത്തിയ കാര്യം സുധീര്‍ ചൗധരി തന്നെയാണ് പുറത്തുവിട്ടത്.

കൊറോണ ബാധിച്ച തന്റെ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട് വീട്ടിലിരുന്നില്ലെന്നും അവര്‍ ധീരതയോടെ ജോലിക്കെത്തിയെന്നുമാണ് സുധീര്‍ ചൗധരി ട്വീറ്റ് ചെയ്തത്. 28 പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സീ ന്യൂസിന്റെ നോയ്ഡയിലുള്ള സ്റ്റുഡിയോയും ഓഫിസും കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു. തബ്‌ലീഗ് ജമാഅത്ത് കൊറോണ പരത്തിയെന്ന് ആരോപിച്ച് വിദ്വേഷപരമായ പ്രചാരണം നടത്തി വിവദം സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകനാണ് സുധീര്‍ ചൗധരി.


ജോലിയില്‍ ഹാജരാകാത്തവരെ സുധീര്‍ ചൗധരി ഭീഷണിപ്പെടുത്തിയെന്നും അവര്‍ക്ക് അവധി നിഷേധിച്ചുവെന്നും മാധ്യമപ്രവര്‍ത്തകനായ അവീക് സെന്‍ ട്വീറ്റ് ചെയ്തു. മാധ്യമമേഖല കനത്ത തിരിച്ചടി നേരിടുകയാണ്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടി, നൂറു കണക്കിനു പേരെ പല മാധ്യമസ്ഥാപനങ്ങളും പുറത്താക്കി. കൊറോണ കാലത്ത് ശമ്പളം വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യം ചൂഷണം ചെയ്യുകയായിരുന്നു സുധീര്‍ ചൗധരിയെന്നാണ് ആരോപണം.

സോഷ്യല്‍ മീഡിയ തനിക്കെതിരേ കല്ലെറിയുകയാണെന്നും കൊറോണ ബാധിച്ചവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നെന്നും അവര്‍ പക്ഷേ, ജോലിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പുറത്ത് ജോലിക്കെത്തുകയായിരുന്നുവെന്നും സെന്നിന്റെ വിമര്‍ശനത്തോട് സുധീര്‍ ചൗധരി പ്രതികരിച്ചു. തന്റെ വാക്കുകളെ എതിരാളികള്‍ വളച്ചൊടിക്കുകയാണെന്നാണ് ആരോപണം.


സുധീര്‍ ചൗധരി നല്‍കിയ പുതിയ വിശദീകരണവും വിവാദമായിരിക്കുകയാണ്. കൊവിഡ് ബാധിച്ച കാര്യം ആരോഗ്യവകുപ്പില്‍ നിന്ന് മറച്ചുവച്ചുവെന്നും അത് കുറ്റകരമാണെന്നുമാണ് പുതിയ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖര്‍ ട്വിറ്റര്‍ വഴി അത് തുറന്നുപറയുകയും ചെയ്തു. രോഗബാധിതനായ ഒരാള്‍ ജോലിക്കെത്തിയെന്നു പറഞ്ഞാല്‍ അത് പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിന് എതിരാണെന്നും പകര്‍ച്ചവ്യാധി നിയമത്തിന്റെ സെക്ഷന്‍ 269ന്റെയും ഐപിസി 188ന്റെയും ലംഘനമാണെന്നും ട്വീറ്റ് ചെയ്തു. ചിലര്‍ #CoronaZeehad എന്ന ക്യാംപയിനും ട്വിറ്ററില്‍ തുടങ്ങിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്കു പുറത്തും വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. 'എപ്പോള്‍ മുതലാണ് കൊറോണ ബാധിതര്‍ക്ക് ഐസൊലേഷന്‍ തിരഞ്ഞെടുക്കാവുന്നതായി മാറിയത്? കശ്മീരില്‍ ഇന്ന് അമ്പതിലേറെ പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവര്‍ എത്രമാത്രം അര്‍പ്പണബോധമുള്ളവരാണെന്ന് കാണിക്കാന്‍ അവര്‍ ജോലിക്ക് വരേണ്ടതുണ്ടോ?''-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ചോദിക്കുന്നു.

കൊവിഡ് ബാധിച്ച തന്റെ ജോലിക്കാരെ ഓഫിസിലെത്താന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ച് ക്രിമിനല്‍ നടപടിയെടുക്കാനുള്ള ആവശ്യം വര്‍ദ്ധിക്കുന്നതിനിടയില്‍ സുധീര്‍ മറ്റൊരു ന്യായീകരണവുമായി രംഗത്തുവന്നു. രോഗബാധികരായ ആരും തന്റെ ഓഫിസില്‍ ജോലിക്കെത്തിയിരുന്നില്ലെന്നാണ് പുതിയ വിശദീകരണം.

Next Story

RELATED STORIES

Share it