Latest News

സവര്‍ണര്‍ വഴിയടച്ചു; പാലത്തിലൂടെ കെട്ടിയിറക്കി ദലിതന്റെ മൃതദേഹം ശ്മശാനത്തിലേക്ക്

വൃദ്ധന്റെ മൃതദേഹം കയറില്‍ കെട്ടിയിറക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ കലക്ടര്‍ എ ഷണ്‍മുഖ സുന്ദരം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

സവര്‍ണര്‍ വഴിയടച്ചു; പാലത്തിലൂടെ കെട്ടിയിറക്കി ദലിതന്റെ മൃതദേഹം ശ്മശാനത്തിലേക്ക്
X

വെല്ലൂര്‍: തമിഴ്‌നാട്ടില്‍ നിന്നും ജാതി ഭീകരത വീണ്ടും. സവര്‍ണര്‍ വഴിയടച്ചതിനെത്തുടര്‍ന്ന് ദലിത് വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് പാലത്തിലൂടെ കയറില്‍ കെട്ടിയിറക്കി. വെല്ലൂരിലാണ് സംഭവം. ദലിതനായ 65കാരന്‍ കുപ്പന്റെ മൃതദേഹമാണ് സവര്‍ണറുടെ വിലക്ക് കാരണം പാലത്തിലൂടെ കെട്ടിയിറക്കി ശ്മശാനത്തിലെത്തിക്കേണ്ടിവന്നത്.

50ലധികം കുടുംബങ്ങള്‍ വസിക്കുന്ന ദലിത് കോളനിയില്‍ ആളുകള്‍ മരിച്ചാല്‍ പ്രദേശത്ത് തന്നെ ശ്മശാനം ഒരുക്കാറാണ് പതിവ്. എന്നാല്‍ അസ്വാഭാവിക മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് ശ്മശാനത്തിലെത്തിക്കുക. കുപ്പന്‍ മരിച്ചത് വാഹാനാപകടത്തിലായതോടെയാണ് കോളനിയിലെ സ്ഥിരം ദഹിപ്പിക്കുന്ന സ്ഥലംവിട്ട് ഇവര്‍ ശ്മശാനത്തിലെത്തിയത്. എന്നാല്‍ ഈ വഴി സവര്‍ണ ജാതിക്കാരുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ മതില്‍ കെട്ടി അടക്കുകയായിരുന്നു. കോളനിയില്‍ ഈ അടുത്ത കാലത്തൊന്നും അസ്വാഭാവിക മരണങ്ങള്‍ സംഭവിക്കാത്തതിനാല്‍ ഈ ശ്മശാനത്തിലേക്ക് ആളുകള്‍ പൊതുവെ എത്താറില്ലായിരുന്നു. ഈ അവസരം മുതലെടുത്താണ് സവര്‍ണ ജാതിക്കാര്‍ ഇവിടെ മതില്‍ കെട്ടിയത്. ഇതോടെ ശവസംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ എത്തിക്കുന്നത് ബുദ്ധിമുട്ടായി. നിലവില്‍ പാലത്തില്‍ നിന്നും കോണിപ്പടി ഉണ്ടെങ്കിലും മൃതദേഹവുമായി കോണിയിറങ്ങാനുള്ള ബുദ്ധിമുട്ടാണ് മൃതദേഹം കയറില്‍ കെട്ടിയിറക്കാന്‍ കാരണമാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വൃദ്ധന്റെ മൃതദേഹം കയറില്‍ കെട്ടിയിറക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ കലക്ടര്‍ എ ഷണ്‍മുഖ സുന്ദരം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ശ്മശാനത്തിലെത്താന്‍ വഴിയനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റൊരിടത്ത് ശ്മശാനം നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും തിരുപത്തൂര്‍ സബ് കലക്ടര്‍ ബി പ്രിയങ്ക പറഞ്ഞു.

അതേസമയം, വേലിയടച്ചതല്ലാതെ റോഡിലൂടെ കൊണ്ടുപോകുന്നതില്‍ സവര്‍ണര്‍ വിലക്കിയില്ലെന്ന് പോലിസും റവന്യു ഉദ്യോഗസ്ഥരും പറഞ്ഞു.

Next Story

RELATED STORIES

Share it