Latest News

ഡൽഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണമെന്ന് അതിഷി; പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരാഹാര സമരം

ഡൽഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണമെന്ന് അതിഷി; പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരാഹാര സമരം
X

ന്യൂഡല്‍ഹി: ജലക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെന്ന് ജലവിഭവ മന്ത്രി അതിഷി മര്‍ലേന. പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും മന്ത്രി പറഞ്ഞു.

'ജലക്ഷാമം പരിഹരിക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന എല്ലാ മാര്‍ഗവും സ്വീകരിച്ചു. ഹരിയാന സര്‍ക്കാരിനെയും സുപ്രിംകോടതിയെയും സമീപിച്ചു. കേന്ദ്ര ജലശക്തി മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതതല സമിതി ഹരിയാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌തെങ്കിലും അവര്‍ ജലം വിട്ടുനല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ്. ഡല്‍ഹി നിവാസികളുടെ സഹനം എല്ലാ പരിധിയും കടന്നിരിക്കുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഡല്‍ഹിക്ക് ആവശ്യമായ ജലം ലഭ്യമാക്കിയില്ലെങ്കില്‍, അതിനു വേണ്ടി ഞാന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും' അതിഷി പറഞ്ഞു.

മുന്‍പില്ലാത്ത വിധം ഉഷ്ണതരംഗം രൂക്ഷമായതാണ് ഡല്‍ഹിയില്‍ ജലക്ഷാമം സൃഷ്ടിച്ചത്. മൂന്നുകോടി ആളുകള്‍ വസിക്കുന്ന ഡല്‍ഹിയില്‍ ദിവസം 1050 ദശലക്ഷം ഗ്യാലന്‍ വെള്ളം മാത്രമാണ് ലഭിക്കുന്നതെന്ന് അതിഷി പറഞ്ഞു. സാമ്പത്തിക സര്‍വേ കണക്കുകള്‍ പ്രകാരം ദിവസം 1290 ദശലക്ഷം ഗ്യാലന്‍ ജലമാണ് ഡല്‍ഹിയില്‍ ആവശ്യമായുള്ളത്. ശുദ്ധ ജലം ആവശ്യത്തിന് ലഭ്യമാക്കാന്‍ ഹരിയാന ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളെയാണ് ഡല്‍ഹി ആശ്രയിക്കുന്നത്.

Next Story

RELATED STORIES

Share it