Latest News

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി വിധി ഇന്ന്

ഷര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുള്‍ ഖാലിദ് സൈഫി, മുഹമ്മദ് സലിം ഖാന്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, ശതാബ് അഹമ്മദ് എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി വിധി ഇന്ന്
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഷര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുള്‍ ഖാലിദ് സൈഫി, മുഹമ്മദ് സലിം ഖാന്‍, ഷിഫാ ഉര്‍ റഹ്‌മാന്‍, ശതാബ് അഹമ്മദ് എന്നിവരാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.

കലാപ ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ഥി നേതാക്കളുടെ വാദം. കേസില്‍ ഡല്‍ഹി പോലിസ് മനപൂര്‍വ്വം പ്രതിചേര്‍ക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിലധികമായി റിമാന്‍ഡിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം. വിചാരണ വൈകുന്നതിന് പ്രതികള്‍ തന്നെയാണ് കാരണമെന്നും കേവലം ക്രമസമാധാനം തകര്‍ക്കാന്‍ മാത്രമല്ല, രാജ്യവ്യാപകമായി സായുധ വിപ്ലവത്തിനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡല്‍ഹി പോലിസ് പറയുന്നു. സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. ഡല്‍ഹിയിലെ ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടേയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടേയും ആസൂത്രകന്‍മാരാണെന്ന് ആരോപിച്ച് ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി നിരവധി പേര്‍ക്കെതിരേ യുഎപിഎയിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. 2020 സപ്തംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ പോലിസ് അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പതിനാലു ദിവസത്തേക്ക് കര്‍ക്കദുമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it