Latest News

ഡൽഹി കാർ സ്ഫോടനം: എല്ലാ സാധ്യതകളും കണക്കിലെടുത്ത് അന്വേഷണം വ്യാപിപ്പിക്കുന്നു

ഡൽഹി കാർ സ്ഫോടനം: എല്ലാ സാധ്യതകളും കണക്കിലെടുത്ത് അന്വേഷണം വ്യാപിപ്പിക്കുന്നു
X

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തെ കുറിച്ച് എല്ലാ സാധ്യതകളും കണക്കിലെടുത്ത് അന്വേഷണം വ്യാപിപ്പിക്കുന്നു. പൂർണ വിവരങ്ങൾ പുറത്തുവിടുന്നതിൽ അന്വേഷണ ഏജൻസികൾക്ക് പരിമിതികളുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സുരക്ഷയെ മുൻനിർത്തിയും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്നതുമാണ് അതിനു കാരണം. എങ്കിലും വിലപ്പെട്ട ചില സൂചനകൾ ഇതിനകം ലഭിച്ചതായും റിപോർട്ടുകളുണ്ട്.

സ്ഫോടനത്തിന് ഉപയോഗിച്ചതായി കരുതപ്പെടുന്ന കാറിൻ്റെ ഉടമയെ പോലിസ് ചോദ്യം ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് 'HR 26 CE 7674' എന്ന ഹരിയാന രജിസ്ട്രേഷൻ നമ്പരിലുള്ള i20 കാറിൻ്റെ ഉടമയായ ഗുഡ്ഗാവ് സ്വദേശി സൽമാൻ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നത്‌. എന്നാൽ, തൻ്റെ കാർ മാർച്ചിൽ ഓഖ്ല സ്വദേശിയായ ദേവേന്ദ്ര എന്നയാൾക്ക് വിറ്റതായി സൽമാൻ പോലിസിനോട് പറഞ്ഞു. ഇതു വീണ്ടും അംബാലയിലെ ഒരാള്‍ക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാറിന്റെ നിലവിലെ ഉടമ പുല്‍വാമ സ്വദേശിയെന്നാണ് റിപോര്‍ട്ടുകള്‍. വിൽപ്പനക്കാരുടെ കൂടുതൽ വിവരങ്ങൾക്കായി ആർടിഒ അധികൃതരുമായി പോലിസ് ബന്ധപ്പെട്ടിരുന്നു.

സ്ഫോടനം നടന്ന സ്ഥലത്ത് ഗർത്തങ്ങളോ പെല്ലറ്റുകളോ കണ്ടെത്തിയിരുന്നില്ലെന്ന് ആദ്യഘട്ടത്തിൽ ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കാർ ചലനാവസ്ഥയിലായിരുന്നെങ്കിൽ സ്ഫോടനത്തെ തുടർന്ന് ഗർത്തം രൂപപ്പെടാൻ സാധ്യതയില്ലെന്ന നിഗമനവും ഇതോടൊപ്പം ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വളരെ പെട്ടെന്ന് തീപിടിക്കുന്ന രാസവസ്തു ഉപയോഗിച്ചതു കൊണ്ടാവാം ആളപായം ഉണ്ടായതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അമോണിയം നൈട്രേറ്റും ആർഡിഎക്സും ചേർന്ന മിശ്രിതം ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കാണുന്നതായും ചില സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഫരീദാബാദിൽനിന്ന് കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി പറയുന്ന സംഭവവുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

230ലധികം സിസിടിവി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായക തെളിവുകളായിരിക്കും. കാറിൻ്റെ സഞ്ചാര പാത കണ്ടെത്താൻ ഇത് സഹായകമാണ്. കാറിൽ മൂന്നുപേർ ഉണ്ടായിരുന്നതായും അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം ലഭിക്കാത്തതിനാൽ ആശയക്കുഴപ്പത്തിണ് അന്വേഷണ ഉദ്യോഗസ്ഥർ. എല്ലാ സാധ്യതകളും കണക്കിലെടുത്താണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹി പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

ഇന്നലെ വൈകുന്നേരം 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്‌നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. വാഹനം റെഡ് സിഗ്‌നലില്‍ നിര്‍ത്തിയെന്ന് ദൃസാക്ഷികള്‍ പ്രതികരിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് നാല് കാറുകള്‍ ഉള്‍പ്പെടെ 10 വാഹനങ്ങള്‍ക്ക് തീപിടിച്ചു. കാറുകള്‍ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോര്‍സൈക്കിള്‍, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Next Story

RELATED STORIES

Share it