Latest News

മറ്റത്തൂരിലെ കൂറുമാറ്റം; വൈസ് പ്രസിഡന്റ് രാജിവച്ചു, പ്രസിഡന്റ് തുടരും

മറ്റത്തൂരിലെ കൂറുമാറ്റം; വൈസ് പ്രസിഡന്റ് രാജിവച്ചു, പ്രസിഡന്റ് തുടരും
X

തൃശൂര്‍: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂര്‍ കൂറുമാറ്റവിവാദത്തില്‍ ഒടുവില്‍ സമവായം. ബിജെപിയുടെ വോട്ടു നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും ഉടന്‍ രാജിക്കത്ത് കൈമാറുമെന്ന് കോണ്‍ഗ്രസ് വിമതര്‍ അറിയിച്ചു. എന്നാല്‍ പ്രസിഡന്റ് ടെസി ജോസ് രാജിവക്കില്ല. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം ജോണ്‍ എംഎല്‍എയുമായുള്ള ചര്‍ച്ചയിലൂടെയാണ് മറ്റത്തൂരില്‍ സമവായത്തിന് വഴിയൊരുങ്ങിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുന്‍ ഡിസിസി സെക്രട്ടറി ടി എം ചന്ദ്രനും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവച്ച് പ്രശ്‌നം പരിഹരിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. പ്രസിഡന്റായ സ്വതന്ത്ര സ്ഥാനാര്‍ഥി ടെസി ജോസ് രാജിവക്കില്ലെന്നാണ് അറിയിച്ചതെന്ന് ടി എം ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടിയെ ധിക്കരിക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. ഞങ്ങളുടെ ആവശ്യം കെപിസിസി ഇതുവരെ നിരാകരിച്ചതായി അറിഞ്ഞിട്ടില്ലെന്നും വിമത അംഗങ്ങള്‍ പറഞ്ഞു. മറ്റത്തൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടത് ഗുണ്ടാ നേതാവാണെന്ന് ടി എം ചന്ദ്രന്‍ ആരോപിച്ചു. ഗുണ്ടാ നേതാവ് കൊടകര റഷീദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റത്തൂരില്‍ മൂന്നുപേര്‍ക്ക് ഡിസിസി നേരിട്ട് ചിഹ്നം അനുവദിച്ചത്. ഡിസിസിയെ സമീപിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. മറ്റത്തൂരില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് വലിയ പീഡനം സഹിച്ചു. മറ്റത്തൂരില്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ആറുമാസത്തിനുശേഷമായിരിക്കും ഭരണസമിതിക്കെതിരേ അവിശ്വാസം വരിക. അക്കാര്യം അപ്പോള്‍ തീരുമാനിക്കും. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തായതുകൊണ്ട് പ്രതികരിക്കാനാവില്ലെന്നും താന്‍ സാഹചര്യത്തിന്റെ അടിമയാണെന്നും തൃശൂരില്‍ യുഡിഎഫ് തരംഗം ഉണ്ടാവാത്തതെന്തുകൊണ്ടെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ടി എം ചന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it