Latest News

പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ച സംഭവം;പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും

പ്രസവത്തിനിടേ യുവതിയും കുഞ്ഞും മരിച്ച സംഭവം;പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
X

പാലക്കാട്:സ്വകാര്യ ആശുപത്രിയില്‍ മാതാവും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തില്‍ ചികില്‍സാ പിഴവുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി.സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ ഇന്ന് നടപടിയുണ്ടായേക്കും.

പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിനിടേ മാതാവും കുഞ്ഞും മരണപ്പെട്ടത്.ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന്‍ വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറയുകയായിരുന്നു.കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.അമിത രക്തസ്രാവം മൂലമാണ് ഐശ്വര്യ മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഉണ്ട്.നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കുടുംബം നിലപാടെടുത്തതോടെ സംഘര്‍ഷഭരിതമായിരുന്നു ആശുപത്രി പരിസരം. പിന്നീട് പാലക്കാട് ഡിവൈഎസ്പിയും ആര്‍ഡിഓയും അടക്കം സ്ഥലത്തെത്തിയാണ് കുടുംബത്തെ അനുനയിപ്പിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഐശ്വര്യയുടെ മൃതദേഹം തത്തമംഗലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ സംസ്‌ക്കരിച്ചു.

ബന്ധുക്കളുടെ പരാതിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രിയദര്‍ശിനി, നിള, അജിത് എന്നീ ഡോക്ടര്‍മാര്‍ക്കെതിരെയാണ് ചികില്‍സാ പിഴവിന് പോലിസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ആശുപത്രി അതികൃതര്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് ആശുപത്രി വാദം വിശദീകരിക്കും. രാവിലെ 11ന് പാലക്കാട് പ്രസ് ക്ലബ്ബിലാണ് വാര്‍ത്താസമ്മേളനം.

Next Story

RELATED STORIES

Share it