Latest News

തിരൂരില്‍ കുട്ടികളുടെ മരണം: അജ്ഞാത രോഗമെന്ന് ബന്ധുക്കള്‍

തിരിച്ചറിയാത്ത രോഗം കാരണമാണ് കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുന്നതെന്ന് ബന്ധുക്കള്‍ തേജസിനോട് പറഞ്ഞു.

തിരൂര്‍: തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചത് അജ്ഞാതരോഗം കാരണമാണെന്ന് ബന്ധുക്കള്‍. തറമ്മല്‍ റഫിഖ് സബ്‌ന ദമ്പതികളുടെ ആറു മക്കളാണ് കഴിഞ്ഞ 9 വര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ 93 ദിവസം പ്രായമുള്ള ഒരു കുട്ടി ചൊവ്വാഴ്ച രാവിലെ മരിച്ചു. ഒരു വീട്ടിലെ കുട്ടികള്‍ തുടര്‍ച്ചയായി മരിക്കുന്ന സാഹചര്യത്തില്‍ ബന്ധുവായ ഒരാള്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേ സമയം തിരിച്ചറിയാത്ത രോഗം കാരണമാണ് കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുന്നതെന്ന് ബന്ധുക്കള്‍ തേജസിനോട് പറഞ്ഞു. മൂത്ത കൂട്ടി മരിച്ചതിനെ തുടര്‍ന്ന് പിന്നീടുണ്ടായ കുട്ടികളെ പല ആശുപത്രികളിലും ചികില്‍സക്കായി കൊണ്ടുപോയിരുന്നു. സംസ്ഥാനത്തെ പ്രമുഖ ശിശുരോഗ വിദഗ്ധരെയെല്ലാം കാണിച്ചതാണ്. ഹൈദരാബാദിലെ ശിശുരോഗ വിദഗ്ധരുമായും ബന്ധപ്പെട്ടിരുന്നു. ആര്‍ക്കും കാരണം കണ്ടെത്താനായിട്ടില്ല.

ഇതിനിടെയാണ് 93 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചത്. ആറു കുട്ടികളില്‍ ഒരാള്‍ മാത്രമാണ് നാലു വയസ്സിനു മുകളില്‍ ജീവിച്ചത്. നാലര വയസ്സോടെ ഈ കുട്ടിയും മരിച്ചു. ഒരു മരണത്തിലും പോസ്റ്റുമോര്‍ട്ടം നടന്നിട്ടില്ല എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു കുട്ടിയുടെ മൃതദേഹം പോലിസ് സര്‍ജ്ജന്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മലപ്പുറം എസ്.പി. യു അബ്ദുല്‍കരീം അറിയിച്ചു. ഇപ്പോള്‍ മുന്‍വിധിയോടെ ആരും വാര്‍ത്തകള്‍ ചെയ്യരുതെന്നും കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it