Latest News

ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട നിലയില്‍; പ്രതികള്‍ കസ്റ്റഡിയില്‍

ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട നിലയില്‍; പ്രതികള്‍ കസ്റ്റഡിയില്‍
X

സുല്‍ത്താന്‍ ബത്തേരി: ഒന്നര വര്‍ഷം മുമ്പ് കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തിലെ ചതുപ്പില്‍ കണ്ടെത്തി. വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ (54) മൃതദേഹമാണ് ചേരമ്പാടി വനത്തില്‍ കണ്ടെത്തിയത്. തറനിരപ്പിനു നാലടിയോളം താഴ്ചയില്‍ മറവുചെയ്ത മൃതദേഹം കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് നടപ്പാലം പാറപ്പുറത്തു വീട്ടിലാണ് ഹേമചന്ദ്രന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് മെഡിക്കല്‍ കോളജിന് സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടു പേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് സൂചന. സ്വകാര്യ ചിട്ടി കമ്പനി നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു.

ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ഹേമചന്ദ്രന്റെ ഭാര്യ സുബിഷ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രന്റെ കോള്‍ റെക്കോര്‍ഡുകളും സംഭവവുമായി ബന്ധപ്പെട്ടവര്‍ എന്നു കരുതുന്നവരുടെ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വനത്തില്‍ മൃതദേഹം കണ്ടെത്തിയത്.

മിസിങ് കേസായി തുടങ്ങിയ അന്വേഷണത്തിനിടയിലും ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഉപയോഗിച്ച് ഇയാള്‍ ജീവിച്ചിരിപ്പുള്ളതായി ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ മൈസൂരുവില്‍ നിന്ന് ഹേമചന്ദ്രന്റെ മകളെ വിളിച്ച് സംസാരിച്ചിരുന്നു. ഈ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ സൈബര്‍ അന്വേഷണമാണ് പ്രതികളിലേക്ക് പോലിസിനെ എത്തിച്ചത്.

കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ കസ്റ്റഡിയിലാണ്. ഇവരില്‍ അജേഷിനെയും കൂട്ടിയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. നൗഷാദാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുന്നതിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹേമചന്ദ്രനെ വയനാട്ടിലെ ഒളിത്താവളത്തില്‍ എത്തിച്ച് മര്‍ദ്ദിച്ചതായും അവശനിലയിലായതിനെത്തുടര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായാണ് അന്വേഷണ സംഘത്തോട് പ്രതികള്‍ വെളിപ്പെടുത്തിയത്. അടുത്ത ദിവസം മുറിയിലെത്തിയപ്പോള്‍ ഹേമചന്ദ്രനെ മരിച്ചതായി കണ്ടെന്നും ഇതോടെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിലെത്തിച്ച് കുഴിച്ചുമുടിയെന്നുമാണ് മൊഴി.


Next Story

RELATED STORIES

Share it