Latest News

മോദിയെയും അമിത്ഷായെയും വിമര്‍ശിച്ചു; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്

മോദിയെയും അമിത്ഷായെയും വിമര്‍ശിച്ചു; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ  വിലക്ക്
X

ന്യൂഡല്‍ഹി: കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കവി സച്ചിദാനന്ദന് ഫേസ്ബുക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി. മോദിയെയും അമിത്ഷായെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിനാണ് വിലക്ക്. പോസ്റ്റ് ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. എഫ്ബി ലൈവില്‍ പ്രത്യക്ഷപ്പെടുന്നത് 30 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്.

അമിത് ഷായെയും മോദിയെയും കുറിച്ചും കേരളത്തിലെ ബിജെപിയുടെ പരാജയത്തെക്കുറിച്ചും നര്‍മം കലര്‍ന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് താക്കീത് നല്‍കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. അത് ഏപ്രില്‍ 21നായിരുന്നു. നേരത്തെത്തന്നെ കമന്റുകള്‍ ഡിലീറ്റ് ആവുന്ന അനുഭവമുണ്ടെന്ന് അദ്ദേഹം പറയുന്നു. 'കമ്യൂണിറ്റി സ്റ്റാന്റേര്‍ഡ്' ലംഘിച്ചുവെന്നാണ് പറയുന്ന കാരണം. ലാന്‍സെറ്റില്‍ വന്ന ലേഖനം ഷെയര്‍ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്‌സപ്പില്‍ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഏപ്രില്‍ 21ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ് ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി restrain ചെയ്യുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് 7ന്റെ അറിയിപ്പില്‍ പറഞ്ഞത് ഞാന്‍ പോസ്റ്റ്‌ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ കമ്യൂണിറ്റി സ്റ്റാന്റേര്‍ഡ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ലാന്‍സെറ്റില്‍ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ You are trying to post something other people on Facebook have found abusive' എന്ന മെസ്സേജ് ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നു കിട്ടി. ഇതിന്നര്‍ത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമര്‍ശകര്‍ക്കു പിറകേ ഉണ്ടെന്നാണ്.''- സച്ചിദാനന്ദന്‍ അയച്ച സന്ദേശം ഇതാണ്.

Next Story

RELATED STORIES

Share it