Latest News

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ പ്രസ്താവന തള്ളി സിപിഎം

ഒരു മാധ്യമത്തിന് വി കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സിപിഎം

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ പ്രസ്താവന തള്ളി സിപിഎം
X

കണ്ണൂര്‍: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സിപിഎം. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടേയും, രാഷ്ട്രീയ ശത്രുക്കളുടേയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തി. പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ അതത് കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചര്‍ച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടി തള്ളിക്കളയുന്നു എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

ധന്‍രാജ് രക്തസാക്ഷി ഫണ്ട് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. 'തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ആ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.'

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. അതുവരെ എല്ലാം കൈകാര്യം ചെയ്തത് അന്ന് ഏരിയ സെക്രട്ടറിയായിരുന്ന ടി ഐ മധുസൂധനന്‍ തന്നെയായിരുന്നു. ആ നിലയില്‍ തിരിമറിയുടെ ഉത്തരവാദിത്തവും ഏരിയ സെക്രട്ടറിക്കാണ്. പിന്നീട് കെ പി മധു ഏരിയ സെക്രട്ടറി ആയി വന്നു അതിനുശേഷമുള്ള കാര്യങ്ങളില്‍ കെ പി മധുവിനും ഉത്തരവാദിത്തമുണ്ട്. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ പിരിവിനുള്ള റസീപ്റ്റില്‍ എംഎല്‍എ തിരിമറി നടത്തി. വ്യാജ റസീപ്റ്റ് പ്രിന്റ് ചെയ്യിച്ചു. വരവിലും ചെലവിലും ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

'2017 ഡിസംബര്‍ 8, 9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരേയുള്ള കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയാവുന്നത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചിരുന്നില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുന്‍പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്‍പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചെലവായെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് അന്ന് പിരിച്ചിരുന്നത്'. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇതിന്റെ തെളിവ് അടക്കം പാര്‍ട്ടിക്ക് മുന്നില്‍ വെച്ചു. എന്നാല്‍ നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവെക്കുകയാണ് ചെയ്തത്. ഇ പി ജയരാജന്റെ അനധികൃത ഇടപാടുകളെ കുറിച്ച് ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചു. ആരോപണം പാര്‍ട്ടി പരിശോധിച്ചില്ല. തന്നെ ശാസിച്ച് നിശബ്ദനാക്കാന്‍ നോക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പൊരുതി തോറ്റിട്ടാണ് അണികളോടുള്ള തന്റെ തുറന്നുപറച്ചില്‍. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടേ. പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിക്കും അറിയാം. എം വി ഗോവിന്ദനും കൊടിയേരി ബാലകൃഷ്ണനും തെളിവടക്കം കൈമാറിയെങ്കിലും കാര്യമുണ്ടായില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.

സിപിഎം കണ്ണൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഒരു മാധ്യമത്തിന് വി കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്. 2021ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും, കമ്മീഷന്റെ റിപോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ വി കുഞ്ഞികൃഷ്ണന്‍ പുതിയ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങള്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ അന്വേഷിക്കുകയും അന്വേഷണ റിപോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി കുഞ്ഞികൃഷ്ണനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ എനിക്ക് തെറ്റുപറ്റിയെന്ന് വി കുഞ്ഞികൃഷ്ണന്‍ തുറന്ന് പറഞ്ഞതുമാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തതുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടേയും, രാഷ്ട്രീയ ശത്രുക്കളുടേയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തി. പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പാര്‍ട്ടിയില്‍ അതത് കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചര്‍ച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടി തള്ളിക്കളയുന്നു.

Next Story

RELATED STORIES

Share it