Latest News

ഫണ്ടിന് വേണ്ടി കാവിവല്‍ക്കരണത്തിന് കൂട്ടുനിന്ന് സിപിഎം

ഫണ്ടിന് വേണ്ടി കാവിവല്‍ക്കരണത്തിന് കൂട്ടുനിന്ന് സിപിഎം
X

കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളസര്‍ക്കാര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദം ആളിക്കത്തുകയാണ്. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്നാണ് സിപിഐ നേതാവ് ബിനോയ് വിശ്വം രാവിലെ അഭിപ്രായപ്പെട്ടത്. പദ്ധതിയില്‍ പങ്കാളിയാവുക വഴി സിപിഎം മുന്നണി മര്യാദ ലംഘിച്ചെന്നും ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നിര്‍ണായക തീരുമാനമെടുക്കുമെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി.

എന്താണ് പിഎം ശ്രീ പദ്ധതി ?

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനായി 2020ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പദ്ധതിയില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പു വെക്കേണ്ടതായുണ്ട്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ''മികവ്'' പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി.

പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പാക്കേണ്ടിവരും. ഇതിനൊപ്പം സ്‌കൂളില്‍ പിഎം ശ്രീ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കണം. വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും അടിച്ചേല്‍പ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു. ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്.

കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള ന്യായമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറയുന്നത്. '1,466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ''- എന്നാണ് ശിവന്‍കുട്ടി വാദിക്കുന്നത്.

എന്നാല്‍, ഏതാനും ലക്ഷങ്ങളുടെ പേരില്‍ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസര്‍ക്കാര്‍ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനവും വന്നു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും പറയുകയുണ്ടായി. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. കേരളം പദ്ധതിയുടെ ഭാഗമായതോടെ സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ നേതാക്കള്‍ വി ശിവന്‍കുട്ടിയെ കണ്ട് അഭിനന്ദിക്കുകയും ചെയ്തു.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പിഎം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപെട്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചു. എന്നാല്‍, തമിഴ്‌നാട് കോടതിയെ സമീപിച്ച് ഫണ്ട് നേടിയെടുത്തു. സമഗ്രശിക്ഷയ്ക്ക് 2,152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥിപ്രവേശനം തമിഴ്നാട് നിര്‍ത്തിവെച്ചിരുന്നു. പ്രശ്നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന്, രണ്ട് അധ്യയനവര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ടി വന്നു. ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതികള്‍ അന്നത്തെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരുന്നതിനാല്‍ അവര്‍ പദ്ധതിയില്‍ ചേരാനില്ലെന്ന് അറിയിച്ചു. പിഎം ശ്രീ എന്ന് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പശ്ചിമ ബംഗാള്‍ അറിയിച്ചു. പിന്നീട് പഞ്ചാബ് പദ്ധതിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളും തമിഴ്നാടും സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it