Latest News

കൊവിഡ് 19: ഉത്തര്‍പ്രദേശിലെ അസംഘടിത മേഖല പട്ടിണിയിലേക്ക്, കൈമലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് 19: ഉത്തര്‍പ്രദേശിലെ അസംഘടിത മേഖല പട്ടിണിയിലേക്ക്, കൈമലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അസംഘടിതമേഖലയിലെ ആയിരക്കണക്കിനു കുടിയേറ്റത്തൊഴിലാളികള്‍ പട്ടിണിയിലേക്കെന്ന് റിപോര്‍ട്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 20.37 ലക്ഷം രജിസ്‌റ്റേഡ് നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് 1000 രൂപ വച്ച് നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അസംഘടിത മേഖലയെ കൈയൊഴിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണോടെ സ്ഥിതിഗതികള്‍ ഗുരുതരമായിത്തീരുകയും ചെയ്തു.

നഗരങ്ങളില്‍ നിന്ന് മടങ്ങുന്ന തൊഴിലാളികള്‍




ഉത്തര്‍പ്രദേശിലെ മിക്ക നഗരങ്ങളിലും ജോലി ചെയ്യുന്ന നിര്‍മ്മാണത്തൊഴിലാളികള്‍ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. അവരില്‍ പലരും വര്‍ക്ക് സൈറ്റില്‍ തന്നെയാണ് താമസിക്കുന്നതും. ലോക്ഡൗണ്‍ ഏറ്റവും ബാധിച്ച ഒരു വിഭാഗം ഇവരാണ്. ഇവരാരും തൊഴില്‍വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് അര്‍ഹരല്ല.

ജാര്‍ഖണ്ഡില്‍ നിന്ന് വന്ന കിഷ്‌നായ് ഇത്തരത്തിലൊരാളാണ്. അദ്ദേഹം ലഖ്‌നോവിലെത്തിയത് ഭാര്യയ്ക്കും 12ഉം 8 വയസ്സുള്ള രണ്ട് ആണ്‍മക്കള്‍ക്കും 6 മാസം പ്രായമുള്ള മകള്‍ക്കുമൊപ്പമാണ്. അദ്ദേഹത്തോടൊപ്പം ഭാര്യയും ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയോടെ കെട്ടിടം പണി അവസാനിപ്പിച്ചു. മൂന്നു ദിവസത്തനു ശേഷം തുറക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ലോക്ക്ഡൗണ്‍ 21 ദിവസമാവും. ഇനി കിഷ്‌നായുടെ കൈയില്‍ പണമില്ല. കഴിഞ്ഞ ദിവസം അയല്‍ക്കാരില്‍ നിന്ന് ലഭിച്ച ഒരു കഷ്ണം ബ്രഡ്ഡുകൊണ്ടാണ് മക്കള്‍ കഴിഞ്ഞുകൂടിയത്. പിന്നെ കുറേ വെള്ളവും കൊടുത്തു. ട്രയിനുകളും ബസ്സും നിലച്ചതുകൊണ്ട് നാട്ടിലേക്ക് തിരികെപ്പോവാനുമാവില്ല. തന്റെ മക്കള്‍ പട്ടിണി കിടന്നുമരിക്കുമെന്ന് കിഷ്‌നായ് കരഞ്ഞുപറയുന്നു.

ലഖ്‌നോ നഗരത്തില്‍ മാത്രം 60000 ഇത്തരം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ നഗരത്തിലെ തൊഴിലാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പട്ടിണിയായിരുന്നു. ചെറിയ മുറികള്‍ വാടകയ്‌ക്കെടുത്ത് വഴിവക്കിലെ ചെറിയ കടകളില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണ്‍ ആ സാധ്യതയും അടച്ചു.


ഷോപ്പിങ് മാളുകളില്‍ ജോലി ചെയ്യുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രം ആയിരങ്ങള്‍ വരും. അവരും പട്ടിണിയിലാണ്. താമസസൗകര്യവും അടഞ്ഞുതുടങ്ങി. മൂന്നു ദിവസം ലോക്ഡൗണ്‍ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. അതോടെ കടകള്‍ തുറക്കുമെന്നും ഇവര്‍ പ്രതീക്ഷിച്ചു. പക്ഷേ, കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനത്തോടെ ആ സാധ്യത ഇല്ലാതായി.

ഒരുപാട് തൊഴിലാളികള്‍ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക് നടന്നു പോകുന്ന ചിത്രങ്ങള്‍ പലരും പങ്കുവച്ചിട്ടുണ്ട്. പോകാന്‍ പണമില്ലാതായ ഒരു കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ കരഞ്ഞാണ് തന്റെ ദുര്‍ഗതി വിവരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിലപാട്. അസംഘടിത മേഖലയിലെ തൊഴിലാളികളെ അവരും കൈയ്യൊഴിഞ്ഞുകഴിഞ്ഞു.




Next Story

RELATED STORIES

Share it