Latest News

കോവിഡ് മൂന്നാംതരംഗ ഭീഷണി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

ഞായറാഴ്ച ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന ബഹുജന റാലി റദ്ദാക്കിയതായി ഭരണകക്ഷിയായ ബിജെപി അറിയിച്ചു.

കോവിഡ് മൂന്നാംതരംഗ ഭീഷണി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍
X

ലഖ്‌നൗ: രാജ്യത്താകമാനം കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലാക്കാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ, ബഹുജന സമ്മേളനങ്ങള്‍ പാടെ ഒഴിവാക്കി പൊതുജന സമ്പര്‍ക്കം ഉണ്ടാവാത്തതരത്തില്‍ ഡിജിറ്റല്‍ കാംപയിന്‍ ആരംഭിച്ചിരിക്കുകയാണ് പ്രമുഖ പാര്‍ട്ടികള്‍.

ഞായറാഴ്ച ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന ബഹുജന റാലി റദ്ദാക്കിയതായി ഭരണകക്ഷിയായ ബിജെപി അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നോയിഡയില്‍ വ്യാഴാഴ്ച നടത്താനിരുന്ന പരിപാടിയും മാറ്റിവച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞദിവസം പഞ്ചാബില്‍ മോദി പങ്കെടുക്കാനെത്തിയ സമ്മേളനത്തില്‍ പൊതുജന പ്രാതിനിധ്യം കുറഞ്ഞതാണ് ഉത്തര്‍പ്രദേശിലെ സമ്മേളനം ഒഴിവാക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.

ഉത്തര്‍പ്രദേശില്‍ റാലികളും ബഹുജന പ്രചാരണങ്ങളും മാറ്റിവയ്ക്കുന്നതായി കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് നയിക്കുന്ന വിജയ രഥയാത്രയുടെ അയോധ്യയിലെ പര്യടനവും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് റാലികള്‍ റദ്ദാക്കുന്നതായി ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു.

കോവിഡ്-19 കേസുകള്‍ വര്‍ധിക്കുകയും മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്ന് നീതി ആയോഗ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികല്‍ പ്രചാരണം ഡിജിറ്റലിലേക്ക് ചുവടുമാറ്റിയത്. ബിജെപി, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വെര്‍ച്വല്‍ റാലികളും ഡിജിറ്റല്‍ മീറ്റിങുകളും ആസൂത്രണം ചെയ്യുന്നതിനായി അവരുടെ സോഷ്യല്‍ മീഡിയ സെല്ലുകള്‍ ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്.

ഇതിനോടകം തന്നെ ബിജെപി വെര്‍ച്വല്‍ മീറ്റിംഗുകള്‍ ആരംഭിച്ചതായി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. 75 ജില്ലകളിലെയും 18 ഡിവിഷനുകളിലെയും ബൂത്ത് തലം വരെയുള്ള ബിജെപി ഓഫിസുകളില്‍ വെര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്താനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് സമയക്രമം വിജ്ഞാപനം ചെയ്താല്‍ ഉടന്‍ പ്രചാരണം ആരംഭിക്കാനാണ് ബിഎസ്പി അധ്യക്ഷ മായാവതി ആലോചിക്കുന്നത്.

Next Story

RELATED STORIES

Share it