Latest News

കൊവിഡ് പ്രതിരോധം; ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 780 സ്‌കൂള്‍ അധ്യാപകരെ നിയോഗിച്ചു

കൊവിഡ് പ്രതിരോധം; ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 780 സ്‌കൂള്‍ അധ്യാപകരെ നിയോഗിച്ചു
X

ആലപ്പുഴ: ജില്ലയില്‍ കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവായി. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 10 ജീവനക്കാരെക്കൂടി നിയോഗിച്ചു. സ്‌കൂള്‍ അധ്യാപകരായ 780 ജീവനക്കാരെയാണ് ഇന്നലെ നിയോഗിച്ചത്. മുമ്പ് അഞ്ചു പേരെ വീതം നിയോഗിച്ചിരുന്നു. ഇതോടെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും 15 ജീവനക്കാരുടെ സേവനം ലഭ്യമാകും. പുതുതായി നിയോഗിക്കപ്പെട്ടവര്‍ മേയ് മൂന്നിന് ചുമതലയേല്‍ക്കണം. ജീവനക്കാര്‍ ചുമതലയേറ്റവിവരം ഉറപ്പാക്കി റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

ഇതു കൂടാതെ കൊവിഡ് ബ്രിഗേഡില്‍നിന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിരുന്നു. 780 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. എല്ലാ തദ്ദേശസ്വയംഭരസ്ഥാപനങ്ങളിലും കൗണ്‍സിലര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ചേര്‍ത്തല, മാവേലിക്കര നഗരസഭകള്‍, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, കുത്തിയതോട്, തുറവൂര്‍, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, കൈനകരി, നെടുമുടി, കാവാലം, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി, ചെറിയനാട്, പാണ്ടനാട്, വെണ്‍മണി, കുമാരപുരം, ചെറുതന, പള്ളിപ്പാട്, ഭരണിക്കാവ്, മാവേലിക്കര- താമരക്കുളം, ചേപ്പാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലേക്കു കൂടി ഇന്നലെ കൗണ്‍സിലര്‍മാരെ നിയമിച്ചു. കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ അവലോകനം ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിയമനം ലഭിച്ചവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരായി ചുമതലയേല്‍ക്കണം.

ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വയോജന കോള്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനായി 20 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ജില്ല സാമൂഹികനീതി ഓഫീസറുടെ നേതൃത്വത്തിലാണ് വയോജന കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.

Next Story

RELATED STORIES

Share it