Latest News

കൊവിഡ്: പൂനെയിലെ മുസ്‌ലിം സന്നദ്ധ സംഘടന ഇതുവരെ സംസ്‌കരിച്ചത് ഏറ്റെടുക്കാനില്ലാത്ത ആയിരത്തോളം മൃതദേഹങ്ങള്‍

കൊവിഡ്: പൂനെയിലെ മുസ്‌ലിം സന്നദ്ധ സംഘടന ഇതുവരെ സംസ്‌കരിച്ചത് ഏറ്റെടുക്കാനില്ലാത്ത ആയിരത്തോളം മൃതദേഹങ്ങള്‍
X

പൂനെ: കൊവിഡ് ബാധിച്ച് മരിച്ച് ഏറ്റെടുക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പൂനെയിലെ മുസ്‌ലിം സന്നദ്ധ സംഘടനയിലെ അംഗങ്ങള്‍ക്ക് ഇത്തവണ റമദാന്‍ മാസത്തിലും വിശ്രമമില്ല. ദിവസവും നാല് മണിക്കൂര്‍ മാത്രം ഉറങ്ങി ഇടതടവില്ലാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉമ്മത്ത് ഫൗണ്ടേഷനിലെ അംഗങ്ങളായി ഇവര്‍ ഇതുവരെ ആയിരത്തോളം മൃതദേഹങ്ങള്‍ സംസ്‌കരിച്ചുകഴിഞ്ഞു. ജാതി, മത, വംശ വ്യത്യാസമില്ലാതെ അവകാശികളില്ലാത്ത ഏത് മൃതദേഹവും ഇവരാണ് സംസ്‌കരിക്കുന്നത്.

''ഞങ്ങള്‍ മരിച്ചവരുടെ ജാതിയോ മതമോ നോക്കാറില്ല. വിശാലമായ മാനവികതയാണ് ഞങ്ങളുടെ നയം. മുസ്‌ലിംകളായാലും ഹിന്ദുക്കളായാലും മരിച്ചവര്‍ക്ക് ഞങ്ങള്‍ അവസാന കര്‍മങ്ങള്‍ നിര്‍വഹിക്കും''- ഫൗണ്ടേഷനില്‍ അംഗമായ ജാവേദ് ഖാന്‍ പറഞ്ഞു.

കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും പിപിഇ കിറ്റ് ധരിച്ചുമാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്.

പലപ്പോഴും അതിരാവിലെത്തന്നെ മരിച്ചവരുടെ കുടുംബാംഗങ്ങളോ തദ്ദേശസ്ഥാപന അധികൃതരോ ഇവരെ വിളിക്കും. റമദാന്‍ മാസത്തിലെ നോമ്പിനിടയിലും ഇവര്‍ ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം നാല്‍പ്പതോളം പേരാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് ഉമ്മത്ത് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യമാദ്യം ഇതൊരു വലിയ പദ്ധതിയൊന്നുമായിരുന്നില്ലെങ്കിലും കൊവിഡ് വ്യാപിച്ചതോടെ ഭാരിച്ച ജോലിയായി മാറി.

പൂനെയില്‍ കഴിഞ്ഞ ദിവസം 10,902 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 120 പേര്‍മരിച്ചു. 11,174 പേര്‍ രോഗമുക്തരായി. നിലവില്‍ 1,01,376 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗബാധിതര്‍ 7,53,353. ആകെ മരണം 11,767.

Next Story

RELATED STORIES

Share it