Latest News

ലോക്ക് ഡൗണ്‍ കാലത്ത് ഹരിദ്വാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് തിരികെയെത്തിച്ചത് 1800 തീര്‍ത്ഥാടകരെ; കരുക്കള്‍ നീക്കിയത് അമിത്ഷായും ഗുജറാത്ത് മുഖ്യമന്ത്രിയും

തങ്ങളുടെ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്ന ഡല്‍ഹി തബ്‌ലീഗ് ജമാഅത്ത് നേതാക്കളുടെ മാര്‍ച്ച് 25ലെ അപേക്ഷ നിരസിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് 1800 പേരെ ഹരിദ്വാറില്‍ നിന്ന് ഗുജറാത്തിലേക്ക് തിരികെയെത്തിച്ചത്

ലോക്ക് ഡൗണ്‍ കാലത്ത് ഹരിദ്വാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് തിരികെയെത്തിച്ചത് 1800 തീര്‍ത്ഥാടകരെ; കരുക്കള്‍ നീക്കിയത് അമിത്ഷായും ഗുജറാത്ത് മുഖ്യമന്ത്രിയും
X

ന്യൂഡല്‍ഹി: രാജ്യം ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് നില്‍ക്കുമ്പോള്‍ മാര്‍ച്ച് 28ന് അമിത് ഷായുടെയും ഗുജറാത്ത് മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം 1800 ഗുജറാത്തി തീര്‍ത്ഥാടകരെ ഹരിദ്വാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് തിരികെയെത്തിച്ചു. തങ്ങളുടെ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്ന ഡല്‍ഹി തബ്‌ലീഗ് ജമാഅത്ത് നേതാക്കളുടെ മാര്‍ച്ച് 25ലെ അപേക്ഷ നിരസിച്ച് മൂന്നു ദിവസം കഴിഞ്ഞാണ് 1800 പേരെ ഹരിദ്വാറില്‍ നിന്ന് ഗുജറാത്തിലേക്ക് തിരികെയെത്തിച്ചത്.


ദൈനിക് ഭാസ്‌കര്‍ ഹിന്ദി ദിനപത്രം നല്‍കുന്ന വിവരമനുസരിച്ച് അഹമ്മദാബാദിലെ മുകേഷ് കുമാറിന് മാര്‍ച്ച് 28ന് ഒരു സന്ദേശം ലഭിച്ചു, അന്നു രാത്രി കുറേയേറെ ആഢംബര ബസ്സുകള്‍ ഹരിദ്വാറില്‍ നിന്ന് അഹമ്മദാബാദിലേക്കെത്തും. ഇത് പിറ്റേ ദിവസം ഉത്തരാഖണ്ഡിലേക്ക് തിരികെപ്പോകും. നിങ്ങള്‍ക്ക് അതില്‍ വേണമെങ്കില്‍ തിരികെപ്പോകാം. അതായിരുന്നു സന്ദേശം. മുകേഷ് കരുതിയത് അതൊരു തമാശയായിരിക്കുമെന്നാണ്. കാരണം രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായ സമയത്ത് അഹമ്മദാബാദില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള ഉത്തരാഖണ്ഡില്‍ നിന്ന് ബസ്സ് വരുമെന്ന് മുകേഷിന് വിശ്വസിക്കാനായില്ല.

ഈ സന്ദേശമാണ് സംഭവത്തിലേക്ക് ശ്രദ്ധതിരിച്ചത്.

മാര്‍ച്ച് 29ന് ബസ് ഗുജറാത്തിലെ അഹമ്മദാബാദിലെത്തി. മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി ഇക്കാര്യം ഒരു മാധ്യമത്തെ അറിയിക്കുകയും ചെയ്തു. ''ഗുജറാത്തിലെ പല ജില്ലകളിലുള്ള കുറേയേറെപ്പേര്‍ ഹരിദ്വാറില്‍ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്ര മന്ത്രിയായ മന്‍സുഖ് എല്‍ മന്‍ഡാവിയ, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി വിജയ് രുപാനി തുടങ്ങിയവരുടെ പ്രത്യേക ശ്രമഫലമായി അവരെ വീടുകളിലെത്തിച്ചു.''

ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളിലാണ് തീര്‍ത്ഥാടകരെ അഹമ്മദാബാദിലെത്തിയത്. ഉത്തരാഖണ്ഡിലെ ഗതാഗത മന്ത്രിപോലും ഇക്കാര്യമറിഞ്ഞില്ല. അത്ര രഹസ്യമായാണ് അമിത് ഷായും കൂട്ടാളികളും കരുക്കള്‍ നീക്കിയത്.

തീര്‍ത്ഥാടകരെന്ന നിലയില്‍ ഹരിദ്വാറില്‍ പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരികെയെത്താന്‍ കഴിയാമായിരുന്നു. എന്നിട്ടും പ്രധാനമന്ത്രിയുടെ സംസ്ഥാനത്തുനിന്നുള്ള ഇവര്‍ 25 വരെ കാത്തിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ദിവസത്തൊഴിലാളികള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുമ്പോഴും ഇവര്‍ക്ക് തിരികെയെത്താനായത് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക ഇടപെടലോടെയാണ്.

എന്നാല്‍ ഇതുപോലെ കുടുങ്ങിപ്പോയവരെ തിരിച്ച് അവരാവരുടെ നാടുകളില്‍ തിരികെയെത്തിക്കാനുള്ള തബ്‌ലീഗ് ജമാഅത്തിന്റെ അപേക്ഷകളൊന്നും കേന്ദ്രം കൈകൊണ്ടില്ലെന്നു മാത്രമല്ല, പിന്നീട് അവരില്‍ പലര്‍ക്കെതിരെയും അതിന്റെ പേരില്‍ തന്നെ കടുത്ത നടപടികള്‍ കൈകൊള്ളുകയും ചെയ്തു.

കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തബ്‌ലീഗ് ജമാഅത്ത് നല്‍കിയ പരാതി


മാര്‍ച്ച് 22ന് പ്രധാനമന്ത്രി 24 മണിക്കൂര്‍ ജനത കര്‍ഫ്യു പ്രഖ്യാപിച്ച അന്നു തന്നെ തബ്‌ലീഗ് ജമാഅത്ത് ആളുകളെപിരിച്ചുവിടാന്‍ തയ്യാറായിരുന്നു. അവിടെ നടന്നുകൊണ്ടിരിക്കുന്ന പരിപാടി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. റെയില്‍വേ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതുകൊണ്ട് അവര്‍ക്ക് തിരികെപ്പോവാനായില്ല. അടുത്ത ദിവസം ഡല്‍ഹിയില്‍ കര്‍ഫ്യൂ പിന്‍വലിച്ചില്ല. പകരം ഡല്‍ഹി മുഖ്യമന്ത്രി അത് മാര്‍ച്ച് 31വരെ നീട്ടി. തിരികെപ്പോവാനുളള അവരുടെ എല്ലാ പ്രതീക്ഷയും അതോടെ അവസാനിച്ചു.

തബ്‌ലീഗ് നേതാവ് മൗലാന അഷ്‌റഫ് പറയുന്നതനുസരിച്ച് മാര്‍ച്ച് 25ന് അവര്‍ സ്വന്തമായി വണ്ടികള്‍ ഒരുക്കാമെന്നും പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചിരുന്നു. പക്ഷേ, അനുവാദം ലഭിച്ചില്ല.

Next Story

RELATED STORIES

Share it