Latest News

കള്ളം പറയുന്ന സര്‍ക്കാരുകള്‍! ഓക്‌സിജനില്ലാതെ രാജ്യത്ത് മരിച്ചവരെത്ര?

കള്ളം പറയുന്ന സര്‍ക്കാരുകള്‍!  ഓക്‌സിജനില്ലാതെ രാജ്യത്ത് മരിച്ചവരെത്ര?
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംഭവിച്ച ശേഷം ഓക്‌സിജന്‍ ലഭ്യതക്കുറവു മൂലം മരിച്ച കൊവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയത് 186 ആയതായി റിപോര്‍ട്ട്. ലീഡ് സര്‍വകലാശാലയും ക്രിയ സര്‍വകലാശാലയും ദി വയറും സംയുക്തമായാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ അനൗദ്യോഗിക കണക്കനുസരിച്ച് മരണം 250നു മുകളിലാണ്.

രണ്ടാം വ്യാപനം തുടങ്ങിയ ശേഷം വ്യക്തികള്‍ക്കു പുറമെ ആശുപത്രികളും ഓക്‌സിജന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര സന്ദേശം പുറപ്പെടുവിച്ചു. കൊവിഡ് വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തില്‍ പല ആശുപത്രികളും ക്ഷാമം തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതികളെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഓക്‌സിജന്‍ മാനേജ്‌മെന്റിനെതിരേ സംസ്ഥാനങ്ങളും രംഗത്തുവന്നു. തുടര്‍ന്നാണ് സുപ്രിംകോടതി ഇടപെടുന്നതും ഓക്‌സിജന്‍ ടാക്‌സ് ഫോഴ്‌സിന് രൂപം നല്‍കുന്നതും.

പുറത്തുവന്ന പല റിപോര്‍ട്ടുകളും പറയുന്നത് പല മരണങ്ങളും രോഗം മൂര്‍ച്ഛിച്ചതിന്റെ ഭാഗമായല്ല, അടിയന്തരമായി ഓക്‌സിന്‍ ഇല്ലാതായതിനാലാണ് സംഭവിച്ചത്. ഇത് വീട്ടില്‍ ചികില്‍സ തേടിയവരുടെ മാത്രമല്ല, ആശുപത്രിയില്‍ ചികില്‍സ തേടിയവര്‍ക്കും അനുഭവിക്കേണ്ടിവന്നു.

റിപോര്‍ട്ട് അനുസരിച്ച് പ്രാദേശിക സര്‍ക്കാര്‍ 186 മരണങ്ങള്‍ ഓക്‌സിജന്‍ ലഭ്യതക്കുറവുകൊണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു എഴുപതെണ്ണം ഓക്‌സിജന്‍ ലഭ്യതക്കുറവാണെന്ന് കുടുംബം ആരോപിച്ചു. അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇന്ന് പോലും ഹൈദരാബാദില്‍ ഏഴ് പേര്‍ മരിച്ചത് ഓക്‌സിജന്‍ ലഭ്യമല്ലാത്തതുകൊണ്ടാണ്. എന്നാല്‍ ആശുപത്രിക്കാര്‍ പറയുന്നത് രോഗം മുര്‍ച്ഛിച്ചതാണ് കാരണമെന്നാണ്.

ക്രോഡീകരിച്ച കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ ഏപ്രില്‍ 13ന് 5ഉം ഏപ്രില്‍ 14ന് ഒന്നും ഏപ്രില്‍ 21ന് 24ഉം അടക്കം ആകെ 30 പേരാണ് ഓക്‌സിജന്‍ ഇല്ലാതെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ ഏപ്രില്‍ 13ന് നടന്ന 9 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതും കൂടെ കണക്കിലെടുക്കുകയാണെങ്കില്‍ മരണം 39ആയി മാറും.

യുപിയില്‍ ഔദ്യോഗിക കണക്കനുസരിച്ച് ഏപ്രില്‍ 27ന് രണ്ട് ആശുപത്രികളിലായി 12 പേരാണ് മരിച്ചത്. രണ്ടും മീററ്റിലായിരുന്നു. എന്നാല്‍ ഏപ്രില്‍ 21ന് അലിഗഢിലും ഏപ്രില്‍ 3ന് മീററ്റിലും നടന്ന അഞ്ചു വീതം മരണങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനര്‍ത്ഥം യുപിയില്‍ ആകെ 22 പേര്‍ മരിച്ചുവെന്നാണ്.രാജസ്ഥാനില്‍ ഔദ്യോഗിക കണക്കനുസരിച്ച് ആകെ 25 പേര്‍ മരിച്ചു. അതില്‍ 24 പേര്‍ മരിച്ചത് മെയ് 3നാണ്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ കണക്കില്‍ 62 പേര്‍ മരിച്ചു. സര്‍ ഗംഗാ റാം ആശുപത്തരിയില്‍ 25ഉം ജെയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 25ഉം ബാത്ര ആശുപത്രിയില്‍ 12ഉം പേരാണ് മരിച്ചത്.

ഹരിയാനയില്‍ സര്‍ക്കാര്‍ കണക്കില്‍ 11 പേര്‍ മരിച്ചു. അനൗദ്യോഗിക കണക്കില്‍ ഏഴും. ഗുജറാത്തില്‍ ആകെ നാല് പേരാണ്. അതില്‍ രണ്ട്‌പേര്‍ മാത്രമേ സര്‍ക്കാര്‍ കണക്കിലുള്ളൂ. മധ്യപ്രദേശില്‍ ആകെ പതിനൊന്നുപേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്.

ഓക്‌സിജന്റെ കുറവിനു പിന്നില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവിനേക്കാള്‍ ഓക്‌സിജന്‍ മാനേജ്‌മെന്റിലുണ്ടായ പിഴവാണെന്ന റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ഓക്‌സിജന്‍ ക്ഷാമം വലിയ കരിഞ്ചന്തയ്ക്കുളള സാഹചര്യമായും പലയിടങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഓക്‌സിജന്‍ വ്യവസായങ്ങള്‍ക്കുവേണ്ടി വഴി തിരിച്ചുവിടുന്ന സംഭവങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ സമയത്ത് അടിസ്ഥാനവികസനം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെന്ന വിമര്‍ശനവും ഉര്‍ന്നിട്ടുണ്ട്.

ലോകരാഷ്ട്രങ്ങള്‍ ഈ അവസ്ഥയില്‍ നല്‍കിയ സഹായങ്ങള്‍, പത്യേകിച്ച് ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുകയാണെന്ന അവസ്ഥയും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it