Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍

1,430 പേര്‍ക്ക് കൂടി രോഗബാധ; 249 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍
X
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 17) 1,430 പേര്‍ക്ക് കൂടി കൊവിഡ്് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,134 ആയി. ശനിയാഴ്ച മാത്രം കൊവിഡ്് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,382 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.


ജില്ലയിലിപ്പോള്‍ 22,033 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,355 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ്് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 223 പേരും വിവിധ കൊവിഡ്് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 155 പേരും 135 പേര്‍ കൊവിഡ്് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 624 പേരാണ് കൊവിഡ്് ബാധിതരായി ജില്ലയില്‍ മരിച്ചത്.


കൊവിഡ്് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കൊവിഡ്് ബാധിക്കാനുള്ള സാഹചര്യം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


കൊവിഡ്് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയിലൊരുക്കിയ കൊവിഡ്് മെഗാ ടെസ്റ്റിങ് െ്രെഡവ് പൂര്‍ണ്ണ വിജയമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭിപ്രായപ്പെട്ടു. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ നടന്ന മെഗാ ക്യാമ്പിലൂടെ 26,297 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കാമ്പയിന്റെ അവസാന ദിവസമായ ശനിയാഴ്ച (2021 ഏപ്രില്‍ 17) 13,200 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനക്ക് എത്തിയത്. ഇതില്‍ 6,864 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 6,318 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുമാണ് നടത്തിയത്. 18 പേര്‍ക്ക് മറ്റ് പരിശോധനകളും നടത്തി. രണ്ട് ദിവസങ്ങളിലായി 13,297 ആന്റിജന്‍ പരിശോധനയും 12,953 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 47 പേര്‍ക്ക് അനിവാര്യമായ മറ്റ് മെഡിക്കല്‍ പരിശോധനകളുമാണ് നടത്തിയത്.


രണ്ടുദിവസങ്ങളിലായി 13,297 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 1,802 പേര്‍ക്കാണ് കൊവിഡ്് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ജില്ലയില്‍ ശനിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.1 ആണ്. ഇത് കൊവിഡ്് വ്യാപനത്തിന്റെ തോത് അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നെതിന്റെ സൂചനയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊവിഡ്് പ്രതിരോധത്തിന്റെ ആദ്യ പാഠങ്ങളായ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശരിയായി ഉപയോഗിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ എന്നിവ ചെയ്യുന്നതോടൊപ്പം 45 വയസ് കഴിഞ്ഞ എല്ലാവരും കൊവിഡ്് വാക്‌സിനേഷന്‍ എത്രയും വേഗം എടുക്കണം. രോഗ ലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരും നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇങ്ങനെയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം. പുറത്തു പോയി വീട്ടില്‍ വരുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിനു മുമ്പ് കൈകള്‍ സോപ് ഉപയോഗിച്ചു കഴുകണം. മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങാന്‍ പാടില്ല. സ്വയം സുരക്ഷിതരാവുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.


കൊവിഡ്് 19 വൈറസ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് കര്‍ശനമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുകയാണ്. ഘട്ടം ഘട്ടമായി കൊവിഡ്് പ്രതിരോധ വാക്‌സിന്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച (2021 ഏപ്രില്‍ 16) വരെ 4,20,675 പേരാണ് പ്രതിരോധ കുത്തിവെപ്പെടുത്തത്. 3,83,848 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 36,827 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.


59,080 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനകം പ്രതിരോധ വാക്‌സിനെടുത്തത്. ആദ്യ ഘട്ടത്തില്‍ 37,559 പേരും 21,521 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചു. 20,521 കൊവിഡ്് മുന്നണി പ്രവര്‍ത്തകരും പ്രതിരോധ കുത്തിവെപ്പെടുത്തു (ആദ്യ ഡോസ് 12,647, രണ്ടാം ഡോസ് 7,874). തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 36,454 ഉദ്യോഗസ്ഥരും കൊവിഡ്് പ്രതിരോധ കുത്തിവെപ്പെടുത്തു (ആദ്യ ഡോസ് 33,477, രണ്ടാം ഡോസ് 2,977 പേര്‍). 45 വയസിനു മുകളില്‍ പ്രായമുള്ള 3,04,620 പേരും കൊവിഡ്് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു (ആദ്യ ഡോസ് 3,00,165, രണ്ടാം ഡോസ് 4,455).


മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 16) വരെ 145 കേന്ദ്രങ്ങളിലാണ് കൊവിഡ്് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്. 121 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 20 സ്വകാര്യ കേന്ദ്രങ്ങളും നാല് മൊബൈല്‍ വാക്‌സിനേഷന്‍ഷന്‍ കേന്ദ്രങ്ങളുമാണ് ഇതിനായി സജ്ജമാക്കിയിരുന്നത്. വരും ദിവസങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു




Next Story

RELATED STORIES

Share it