Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
X

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബംഗളുരുവില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ഒരു തിരുവനന്തപുരം സ്വദേശിക്കും ഒരു ആലപ്പുഴ സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് 26ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 കാരന്‍, തിരുനാവായ അനന്താവൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 29 വയസുകാരി, മെയ് 21 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ ചാലിയാര്‍ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32 കാരന്‍, മെയ് 28 ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വഴി നാട്ടിലെത്തിയ വളവന്നൂര്‍ ചാലിബസാര്‍ സ്വദേശി 35 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കീഴാറ്റൂര്‍ പട്ടിക്കാട് ചുങ്കം സ്വദേശിനി ആറ് വയസുകാരി, 27 ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പെരുമണ്ണ ക്ലാരി അടര്‍ശേരി സ്വദേശി ഗര്‍ഭിണിയായ 26 വയസുകാരി, മെയ് 29 ന് ദുബായില്‍ നിന്ന് കൊച്ചിവഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി ഗര്‍ഭിണിയായ 29 വയസുകാരി, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മൂര്‍ക്കനാട് വടക്കുംപുറം സ്വദേശി 38 കാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മങ്കട കൂട്ടില്‍ സ്വദേശി 41 കാരന്‍, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ അനന്താവൂര്‍ ചേരൂലാല്‍ സ്വദേശി 47 കാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂര്‍ കോട്ടുക്കല്ലിങ്ങല്‍ സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി 24 കാരന്‍, ബംഗളുരുവില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 22 കാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് എത്തിയ പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 22 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ഇവരെക്കൂടാതെ ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരായ തിരുവനന്തപുരം പുലിയൂര്‍കോണം സ്വദേശി 56 കാരന്‍, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരന്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 831 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍, ആകെ നിരീക്ഷണത്തിലുള്ളത് 12,769 പേര്‍

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 831 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,769 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 350 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 344 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരുമാണ് ചികിത്സയിലുള്ളത്. 11,069 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,350 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 163 പേര്‍

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 163 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും തൃശൂര്‍, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 224 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,433 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 692 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it