Latest News

കൊറോണ വൈറസ്: രോഗവ്യാപനം അവതരിപ്പിക്കുന്നത്ര ഭയാനകമല്ലെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ്

ചൈനയില്‍ പകര്‍ച്ചവ്യാധി ആദ്യം പ്രത്യക്ഷപ്പെട്ടതിനു ശേഷം അതിന്റെ വ്യാപനം ലെവിറ്റ് പ്രവചിച്ചതുപോലെത്തന്നെയായിരുന്നു നടന്നത്.

കൊറോണ വൈറസ്: രോഗവ്യാപനം അവതരിപ്പിക്കുന്നത്ര ഭയാനകമല്ലെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ്
X

കാലിഫോര്‍ണിയ: കൊറോണ വൈറസ് ബാധ അവതരിപ്പിക്കുന്നത്ര ഭയാനകമല്ലെന്ന് നൊബേല്‍ പുരസ്‌കാര ജേതാവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ബയോഫിസിസ്റ്റുമായ മൈക്കിള്‍ ലെവിറ്റ്. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ലെവിറ്റ് മറ്റ് എപിഡെമിയോളജിസ്റ്റുകള്‍ പ്രവചിക്കുന്നത്ര ഭയാനകമാണ് സ്ഥിതിഗതികളെന്നതിന് തെളിവുകളുടെ പിന്‍ബലമില്ലെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സാമൂഹിക അകലം പാലിക്കുന്ന ഇടങ്ങളില്‍ സ്ഥിതിഗതികള്‍ കുറേ കൂടി സുരക്ഷിതമാണ്.

ലെവിറ്റിന്റെ നിഗമനങ്ങളെ ശാത്രലോകം ഗൗരവത്തോടെ പരിഗണിക്കുന്നതിന് നൊബേല്‍ പുരസ്‌കാര ജേതാവ് എന്നതിനേക്കാള്‍ മറ്റ് പല കാരണങ്ങളുമുണ്ട്. ചൈനയില്‍ പകര്‍ച്ചവ്യാധി ആദ്യം പ്രത്യക്ഷപ്പെട്ടതിനു ശേഷം അതിന്റെ വ്യാപനം ലെവിറ്റ് പ്രവചിച്ചതുപോലെത്തന്നെയായിരുന്നു നടന്നത്. കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ച അദ്ദേഹം ഏറെ തമാസിയാതെതന്നെ ചൈന അതിന്റെ ഏറ്റവും മൂര്‍ച്ഛിച്ച ഘട്ടത്തില്‍ നിന്ന് കരകയറുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ലോകത്തിലെ പല ആരോഗ്യവിദഗ്ധരും ഇതിനോട് വിയോജിച്ചു. ചൈന കരകയറാന്‍ കുറച്ചുകൂടെ കാലമെടുക്കുമെന്നായിരുന്നു അവരുടെ പ്രവചനം.

അടുത്ത ആഴ്ചയോടെ കൊവിഡ് 19 രോഗബാധിതരുടെ നിരക്ക് കുറഞ്ഞുവരുമെന്ന് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്ന കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ അദ്ദേഹം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രവചനമനുസരിച്ചായിരുന്നു പിന്നീട് കാര്യങ്ങള്‍. ഫെബ്രുവരിയോടെ രോഗബാധിതരുടെ നിരക്ക് പെട്ടെന്ന് താഴ്ന്നു. പ്രവചിച്ചതുപോലെ മരണനിരക്കും കുറഞ്ഞു. ലോകം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈന സ്വന്തം കാലില്‍ നിവര്‍ന്നുനിന്നു. ഇപ്പോള്‍ രണ്ട് മാസത്തിനു ശേഷം രോഗം ഏറ്റവും കൂടുതല്‍ നാശം വിതച്ച ഹുബൈ പ്രവിശ്യയില്‍ സാമൂഹിക അകലവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണ്.

ചൈനയില്‍ 80000 രോഗികളും 3250 മരണങ്ങളുമായിരുന്നു അദ്ദേഹം പ്രവചിച്ചത്. എന്നാല്‍ പല പൊതുജനാരോഗ്യവിദഗ്ധരും പ്രവചിച്ചത് മരണം പത്ത് ലക്ഷത്തിനടുത്താവുമെന്നാണ്. ചൈനയിലെ ഏറ്റവും പുതിയ കണക്ക് 81171 രോഗികളും 3277 മരണങ്ങളുമാണ്.

അതേ പ്രവണത ലോകമാസകലം തുടരുമെന്നുതന്നെയാണ് അദ്ദേഹം പ്രവചിക്കുന്നത്. ദിനംപ്രതി 50ല്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചുകൊണ്ടിരിക്കുന്ന 78 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച് പല രാജ്യങ്ങളും രോഗത്തെ മറികടക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. മൊത്തം രോഗബാധിതരുടെ എണ്ണം കണക്കിലെടുത്തല്ല അദ്ദേഹം തന്റെ പ്രവചനങ്ങള്‍ നടത്തുന്നത് മറിച്ച് ഓരോ ദിവസും റിപോര്‍ട്ട് ചെയ്യപ്പെടുന്ന രോഗബാധിതരുടെ എണ്ണം അഥവ നിരക്ക് പരിശോധിച്ചാണ്. ചൈനയിലും തെക്കന്‍ കൊറിയയിലും പുതിയ കേസുകള്‍ കുറയുകയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

എണ്ണങ്ങള്‍ കൂടുക തന്നെയാണ്. പക്ഷേ, അവയുടെ നിരക്ക് കുറയുകയാണ്-അദ്ദേഹം പറയുന്നു. അതേസമയം പലയിടങ്ങളിലെയും രോഗബാധാ നിരക്ക് കൃത്യമല്ലെന്നും ചിലര്‍ സൂചിപ്പിക്കുന്നു. കാരണം പല രാജ്യങ്ങളും രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ നടത്തുന്നതില്‍ പിന്നിലാണ്.

Next Story

RELATED STORIES

Share it