Latest News

പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടി വേണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
X

താനൂര്‍: നന്നമ്പ്ര പഞ്ചായത്തിലെ 11ാം വാര്‍ഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (22) മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുവാവിനെതിരേ താനൂര്‍ പോലിസ് നടത്തിയത് മൂന്നാംമുറ പ്രയോഗമാണ്. കുനിച്ചുനിര്‍ത്തി പുറത്തിടിച്ചും മുട്ടുകാലില്‍ നിര്‍ത്തി ലാത്തികൊണ്ട് കാലിനടിയില്‍ അടിച്ചും, വടി കൊണ്ട് നെഞ്ചില്‍ കുത്തിയും, കണ്ണിലും സ്വകാര്യഭാഗങ്ങളിലും കുരുമുളക് സ്‌പ്രേ അടിച്ചും ബൂട്ടിട്ട് നെഞ്ചിലും നാവിക്കും ചവിട്ടിയാണ് പോലിസ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

പോലിസ് മര്‍ദ്ദനം പുറത്തുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കി അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവം യുവാവ് വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല. സംഭവം നടന്ന് പിറ്റേദിവസം യുവാവ് രക്തം ഛര്‍ദ്ദിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. മരണപ്പെട്ട മാതാവിനെ ഉള്‍പ്പെടെ പോലിസ് അസഭ്യം പറഞ്ഞപ്പോള്‍ മാന്യമായി സംസാരിക്കാന്‍ യുവാവ് പോലിസിനോട് പറഞ്ഞു. ഇല്ലെങ്കില്‍ നീ എന്തുചെയ്യുമെന്ന് ചോദിച്ചാണ് യുവാവിനെ ബലമായി മൂന്ന് പോലിസുകാര്‍ (വി രാജു, സഞ്ജു, ശ്രീജിത്ത്) പിടിച്ച് വാഹനത്തില്‍ കയററ്റുന്നത്.

സ്‌റ്റേഷനിലെത്തിച്ചത് മുതല്‍ തുടങ്ങിയ മര്‍ദ്ദനം രാത്രി എട്ടുമണിയോടെ ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തുന്നതുവരെ തുടര്‍ന്നുവെന്നാണ് യുവാവ് പറയുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണം. കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ തിരൂരങ്ങാടി, താനൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താനൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. സംഭവത്തില്‍ യുവാവ് ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ട്.

കെ പി എ മജീദ് എംഎല്‍എ ഉള്‍പ്പെടെ യൂത്ത് ലീഗ് നേതാക്കള്‍ ഇന്നലെ യുവാനിനെ സന്ദര്‍ശിച്ച് സമ്പൂര്‍ണ നിയമസഹായവും മറ്റും വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് യുാവവിന്റെ പരാതിയും മുസ്‌ലിം യൂത്ത് ലീഗ് പരാതിയും ചേര്‍ത്ത് എംഎല്‍എ കത്ത് നല്‍കിയിട്ടുണ്ട്. താനൂര്‍ സ്‌റ്റേഷനില്‍ നടന്നത് മനുഷ്യാവകാശ ലംഘനമാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും യൂത്ത്‌ലീഗ് പരാതി നല്‍കും.

എസ്‌ഐ രാജു, സഞ്ജു, ശ്രീജിത്ത് എന്നി പോലിസുകാര്‍ക്കെതിരേ മുമ്പും നിരവധി പരാതികളുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമാവുന്നുണ്ട്. മനുഷ്യത്വം നഷ്ടപ്പെട്ട ഇത്തരം ക്രിമിനലുകളായ പോലിസുകാരെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത്‌ലീഗ് നേതാക്കളായ ഷരീഫ് വടക്കയില്‍, യു എ റസ്സാഖ്, നൗഷാദ് പറപ്പുതടം, കെ ഉവൈസ്, കെ കെ റഹിം, കെ അന്‍സാര്‍, എ പി സൈതലവി, ഇ എം ഷമീര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it