Latest News

യുഎപിഎയ്‌ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്

യുഎപിഎയ്‌ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്
X

ന്യൂഡൽഹി: യുഎപിഎയ്ക്കെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് പ്രചാരണ വിഭാഗം തലവർ പവൻ ഖേര. വിയോജിപ്പുകളെ അടിച്ചമർത്താനും നീതി നിഷേധിക്കാനും നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമമായ യുഎപിഎയെ ആയുധമാക്കിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.

കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം ചെയർമാൻ പവൻ ഖേര തൻ്റെ എക്സ് പോസ്റ്റിലാണ് യുഎപിഎയുടെ അപകടകരമായ 'ദുരുപയോഗ'ത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.

ഖേര തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചതിങ്ങനെ: "മോദി സർക്കാരിനു കീഴിൽ, വിയോജിപ്പുകൾ അടിച്ചമർത്താനും നീതി വൈകിക്കാനും നിയമം കൂടുതലായി ഉപയോഗിച്ചുവരുന്നു. 2014നും 2022നും ഇടയിൽ 8,719 യുഎപിഎ കേസുകൾ ചാർജ് ചെയ്തു. എന്നാൽ അവയിൽ 2.55 ശതമാനം കേസുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചത്. സർക്കാർ നയങ്ങളെ വിമർശിക്കുന്ന വർ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരെ ലക്ഷ്യം വച്ചുള്ള ദുരുപയോഗം ഏറെ പ്രകടമാണ്. വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവാളിയെന്ന ചാപ്പകുത്തൽ, മാധ്യമങ്ങളും സോഷ്യൽ മീഡിയയും

നയിക്കുന്ന വിചാരണകൾ, സുപ്രിംകോടതി ഹേബിയസ് കോർപസ് ഹരജികൾ തള്ളിക്കളയുന്ന സമീപകാല പ്രവണത എന്നിവ നീതി നേരിടുന്ന ഈ പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കുന്നു."

ഭീമ കൊറേഗാവ് കേസ്, ഡൽഹി കലാപ ഗൂഢാലോചന, വെബ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായ നടപടികൾ, യുഎപിഎ പ്രകാരം മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും അറസ്റ്റ് നേരിടുന്ന മറ്റ് സംഭവങ്ങൾ എന്നിവയും ഖേര തൻ്റെ പോസ്റ്റിൽ പരാമർശിച്ചു.

ഡൽഹി കലാപ ഗൂഢാലോചന കേസിൽ 2020 മുതൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഉമർ ഖാലിദിന്റെ കത്തിന്റെ വെബ്‌ലിങ്ക് പങ്കിട്ട് ഖേര പറഞ്ഞു:

"വാസ്തവത്തിൽ, ഇവയിൽ ഭൂരിഭാഗവും ഈ സർക്കാരിനെ വെല്ലുവിളിക്കുന്നവർക്കെതിരായ പ്രതികാര നടപടികളാണ്. കോടതികൾ ആവർത്തിച്ച് ഈ ദുരുപയോഗം ഉയർത്തിക്കാട്ടുന്നു. 'പ്രതിഷേധം ഭീകരതയല്ല' എന്ന് ഡൽഹി ഹൈക്കോടതി വ്യക്തമായി പ്രസ്താവിച്ചു. ഇതേ കേസിൽ ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് തൻഹ എന്നിവരെ വിട്ടയച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് അറസ്റ്റുകൾ എന്നു വിമർശിച്ചുകൊണ്ട് സുപ്രിംകോടതി പത്രപ്രവർത്തകനായ മുഹമ്മദ് സുബൈറിനെയും കാലാവസ്ഥാ പ്രവർത്തക ദിഷ രവിയെയും വിട്ടയച്ചു."

"ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത് സമാധാനപരമായ വിയോജിപ്പും സ്വതന്ത്രമായ അഭിപ്രായ പ്രകടനവും സംരക്ഷിക്കുന്നതിലൂടെയാണ്. എന്നാൽ യുഎപിഎ പോലുള്ള നിയമങ്ങളുടെ അപകടകരമായ ദുരുപയോഗം ഈ സ്വാതന്ത്ര്യങ്ങൾക്കു തന്നെ ഭീഷണിയാണ്. ഇത് ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ബിജെപിയുടെ വിപുലമായ ആക്രമണത്തിന്റെ ഭാഗമാണ്."

1967ൽ കോൺഗ്രസ് സർക്കാരാണ് യുഎപിഎ പാസാക്കിയത്. 2004ൽ മൻമോഹൻ സിങ് സർക്കാർ പഴയ 2002ലെ ഭീകരവാദ നിരോധന നിയമത്തിലെ വ്യവസ്ഥകൾ അതിൽ ഉൾപ്പെടുത്തിയതോടെ അത് കൂടുതൽ ശക്തി പ്രാപിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം, യുപിഎ സർക്കാർ 'ഏകപക്ഷീയമായ അറസ്റ്റുകൾ'ക്ക് ഇടയാക്കുന്നതായി വിമർശിക്കപ്പെട്ട വ്യവസ്ഥകൾ അവതരിപ്പിച്ചു. ഈ ഭേദഗതി പ്രായോഗികമായി സെക്‌ഷൻ 43D(5) പ്രകാരം ജാമ്യം ഒരു അപവാദമാക്കി മാറ്റി.

2019ൽ, വ്യക്തികളെ കൂടി ഉൾപ്പെടുത്തി നിയമത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും വ്യക്തികളെ "ഭീകരരായി" പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയ്ത മോദി സർക്കാർ യുഎപിഎയിൽ വരുത്തിയ ഭേദഗതികളെ ലോക്സഭയിൽ കോൺഗ്രസ് എതിർത്തു. എന്നിരുന്നാലും, ഭീകരതയ്‌ക്കെതിരേ ശക്തരാണെന്ന പാർട്ടിയുടെ പ്രതിച്ഛായ പ്രോൽസാഹിപ്പിക്കുന്നതിനായി രാജ്യസഭയിൽ ഭേദഗതികളെ കോൺഗ്രസ് പിന്തുണച്ചു. ഈ നടപടി സഖ്യകക്ഷികളെ പോലും ചൊടിപ്പിച്ചു.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ക്രിസ്ത്യൻ പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി 2021ൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചതിനുശേഷം, കോൺഗ്രസ് നേതാവും പിന്നീട് എംപിയുമായ ശശികാന്ത് സെന്തിൽ പാർട്ടി മുഖപത്രമായ കോൺഗ്രസ് സന്ദേശിൽ "മാർട്ടിർ ഓഫ് ദി മാർജിനലൈസ്ഡ്" എന്ന പേരിൽ ഒരു ചരമക്കുറിപ്പ് എഴുതി. അതിൽ അദ്ദേഹം അതിനെ "സ്ഥാപനപരമായ കൊലപാതകം" എന്നാണ് വിശേഷിപ്പിച്ചത്. വിരോധാഭാസമെന്നു പറയട്ടെ, പാർക്കിൻസൺസ് രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ ആവശ്യമായ ഒരു സിപ്പർ അനുവദിച്ചു കിട്ടാൻ ഫാദർ സ്റ്റാൻസ്വാമിക്ക് കോടതിയെ സമീപിക്കേണ്ടി വന്ന സമയത്ത് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്കൊപ്പം കോൺഗ്രസ് അധികാരത്തിലായിരുന്നു.എന്നിരുന്നാലും, ഭീമ കൊറേഗാവ് കേസ് എൻ‌ഐ‌എക്ക് കൈമാറാനുള്ള താക്കറെയുടെ തീരുമാനത്തോട് പാർട്ടി വിയോജിച്ചിരുന്നു.

സെന്തിൽ എഴുതി: "അടുത്ത കാലത്ത് യുഎപിഎ അല്ലെങ്കിൽ രാജ്യദ്രോഹ വകുപ്പുകൾ പ്രകാരം നിരവധി അറസ്റ്റുകൾ രാജ്യം കണ്ടിട്ടുണ്ട്. വിയോജിപ്പിന്റെ ശബ്ദങ്ങളെയോ രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കുന്നതിനോ ലക്ഷ്യമിട്ടാണിത്. ഓരോ അറസ്റ്റും നിലവിലെ സർക്കാരിന്റെ തത്ത്വശാസ്ത്രത്തെ തുറന്നുകാട്ടുക മാത്രമാണ് ചെയ്തത്.... ഫാദർ സ്റ്റാന്റെ അറസ്റ്റും സ്ഥാപനപരമായ കൊലപാതകവും സാധാരണക്കാരുടെ ദുർബലമായ ബോധത്തിലേക്ക് മൂന്ന് നിർണായക വിഷയങ്ങൾ കൊണ്ടുവന്നു."

ആദിവാസികളുടെ ദുരവസ്ഥ, "ഹിന്ദു രാഷ്ട്രം എന്ന രഹസ്യ അജണ്ട നേടിയെടുക്കാൻ ശ്രമിക്കുന്ന നിലവിലെ ഭരണകൂടത്തിന്റെ ക്രൂരത", "നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ദയനീയ സ്വഭാവം" എന്നിങ്ങനെയാണ് അദ്ദേഹം ഇവയെ പട്ടികപ്പെടുത്തിയത്.

മണിപ്പൂരിൽ രണ്ട് എഡിറ്റർമാരെ അറസ്റ്റ് ചെയ്തതിനു ശേഷം, കഴിഞ്ഞ വർഷം ജനുവരിയിൽ കോൺഗ്രസ് ഒരു പ്രസ്താവനയിലൂടെ യുഎപിഎയെ ഔദ്യോഗികമായി ഒരു കിരാത നിയമമെന്ന് വിശേഷിപ്പിച്ചു. "വിവരങ്ങൾക്ക് ഉപരോധം, മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തൽ, യുഎപിഎ പോലുള്ള കിരാത നിയമങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത പത്രപ്രവർത്തകരെ ലക്ഷ്യം വയ്ക്കൽ എന്നിവയിലെ മോദി സർക്കാരിന്റെ റെക്കോഡ്, ധിക്കാരപരമായ സ്വേച്ഛാധിപത്യത്തിന്റെ തെളിവാണ്" എന്ന് ഖേര അന്ന് പറഞ്ഞിരുന്നു.

കോൺഗ്രസ് ഭരണകാലത്താണ് യുഎപിഎ പാസാക്കിയതും 'ക്രൂരവും അപകടകരവുമായ ദുരുപയോഗത്തിന്' സാധ്യതയുള്ളതായി കണക്കാക്കുന്ന വ്യവസ്ഥകൾ പ്രസ്തുത നിയമത്തിൽ പിന്നീട് കൂട്ടിച്ചേർത്തതും എന്നതാണ് ഇതിൻ്റെ വിരോധാഭാസം നിറഞ്ഞ ഒരു മറുവശം.

Next Story

RELATED STORIES

Share it