Latest News

'ദുഷ്ടലക്ഷ്യം പരാജയപ്പെട്ടു'; വഖ്ഫ് നിയമത്തിലെ സുപ്രിംകോടതി ഉത്തരവിനോട് പ്രതികരിച്ച് കോണ്‍ഗ്രസ്

ദുഷ്ടലക്ഷ്യം പരാജയപ്പെട്ടു; വഖ്ഫ് നിയമത്തിലെ സുപ്രിംകോടതി ഉത്തരവിനോട് പ്രതികരിച്ച് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: വഖ്ഫ് നിയമത്തിലെ സുപ്രിംകോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ്. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളുടെ' വിജയമാണ് ഇതെന്ന് ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ് കമ്മ്യൂണിക്കേഷന്‍സ് ജയറാം രമേശ് പറഞ്ഞു.യഥാര്‍ഥ നിയമത്തെ മാറ്റാന്‍ ഉദ്ദേശിച്ചിട്ടുള്ള ദുരുദ്ദേശ്യങ്ങളെ ഇല്ലാതാക്കുന്നതില്‍ ഈ വിധി വിജയം തന്നെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒരു വഖ്ഫ് സ്വത്തില്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചാല്‍ അതിന്റെ വഖ്ഫ് സ്വത്വം ഇല്ലാതാവുമെന്നും കലക്ടര്‍ തീരുമാനമെടുക്കണമെന്നുമുള്ള വ്യവസ്ഥ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. കലക്ടര്‍ക്ക് ഇത്തരം തര്‍ക്കങ്ങളില്‍ അവകാശങ്ങള്‍ വിധിക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ഭരണസംവിധാനത്തിലെ അധികാര വിഭജനത്തെ ലംഘിക്കുന്നതാണ്. വഖ്ഫ് ട്രിബ്യൂണല്‍ ആണ് ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനാല്‍, കലക്ടര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ സ്റ്റേ ചെയ്യുകയാണ്.വഖ്ഫ് ട്രിബ്യൂണലോ കോടതിയോ തര്‍ക്കത്തില്‍ തീരൂമാനമെടുക്കുന്നതു വരെ ആ സ്വത്തിന്റെ അവകാശം മറ്റാര്‍ക്കും നല്‍കരുത്.

അഞ്ച് വര്‍ഷം ഇസ്ലാം പ്രാക്ടീസ് ചെയ്തവര്‍ക്ക് മാത്രമേ വഖ്ഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ വിഷയത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നതു വരെയും സ്റ്റേ ചെയ്തു. ഒരാള്‍ പ്രാക്ടീസിങ് മുസ്ലിം ആണോ എന്ന കാര്യം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നത് വരെയാണ് സ്റ്റേ. അത്തരം ചട്ടങ്ങള്‍ നിലവിലില്ലെങ്കില്‍ അധികാര ദുര്‍വിനിയോഗം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, വഖ്ഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തില്ല. എന്നാല്‍, സാധ്യമെങ്കില്‍ എക്സ് ഒഫീഷ്യോ അംഗം മുസ്ലിം ആവണമെന്ന് കോടതി നിര്‍ദേശിച്ചു. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലില്‍ നാലില്‍ അധികം അമുസ്ലിം അംഗങ്ങള്‍ പാടില്ല. സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ പാടില്ല. എന്നാല്‍, വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ സുപ്രിംകോടതി സ്റ്റേ ചെയ്തില്ല. 1995ലെയും 2013ലെയും നിയമത്തില്‍ രജിസ്ട്രേഷന്‍ വ്യവസ്ഥകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഇനി പൂര്‍ണവാദം തുടരും.

Next Story

RELATED STORIES

Share it