Latest News

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല: ആഞ്ഞടിച്ച് കപില്‍ സിബല്‍

'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ എല്ലാ ഉത്തരങ്ങളും അറിയാം. പക്ഷേ, ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ നേതൃത്വം തയ്യാറാകുന്നില്ല. അത് തിരിച്ചറിയുന്നില്ലെങ്കില്‍ കൂടുതല്‍ വീഴ്ചകളിലേക്ക് പാര്‍ട്ടി പോകും. അതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം'

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല: ആഞ്ഞടിച്ച് കപില്‍ സിബല്‍
X

ന്യൂഡല്‍ഹി; ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കകത്ത് പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. രാജ്യത്ത് ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത്. നേതൃത്വത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ വേദികളില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബീഹാറില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിനു പിറകെയാണ് കപില്‍ സിബല്‍ നേതൃത്വത്തിനു നേരെ ശബ്ദമുയര്‍ത്തിയത്. ബദല്‍ മാര്‍ഗം ആര്‍ജെഡിയാണെന്നും ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 'ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും ഞങ്ങള്‍ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തര്‍പ്രദേശിലെ ചില നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്'- അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷമായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്താതെയിരുന്നിട്ട്, ഇപ്പോള്‍ എന്ത് പ്രതീക്ഷയാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.'കോണ്‍ഗ്രസിന്റെ കുഴപ്പം എന്താണെന്ന് ഞങ്ങള്‍ക്കറിയാം. സംഘടനാപരമായി, എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാത്തിനും ഉത്തരം കണ്ടെത്താം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ എല്ലാ ഉത്തരങ്ങളും അറിയാം. പക്ഷേ, ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ നേതൃത്വം തയ്യാറാകുന്നില്ല. അത് തിരിച്ചറിയുന്നില്ലെങ്കില്‍ കൂടുതല്‍ വീഴ്ചകളിലേക്ക് പാര്‍ട്ടി പോകും. അതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം, ''അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നേതാക്കളെയും ഭാരവാഹികളെയും നാമനിര്‍ദേശം ചെയ്യുന്ന രീതി പാര്‍ട്ടി അവസാനിപ്പിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 'നാമനിര്‍ദ്ദേശങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ സംഘടനശേഷി വര്‍ദ്ധിപ്പിക്കില്ല. ഞങ്ങളില്‍ ചിലര്‍ കോണ്‍ഗ്രസില്‍ എന്താണ് ചെയ്യേണ്ടതെന്ന് നേതൃത്വത്തിന് ചൂണ്ടിക്കാട്ടി. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതിനുപകരം അവര്‍ ഞങ്ങളെ പിന്തിരിപ്പിക്കുകയാണ് ചെയ്തത്്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it