Latest News

കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിത കെആര്‍ ഗൗരയിമ്മക്ക് പ്രമുഖരുടെ അനുശോചന പ്രവാഹം

കേരള രാഷ്ട്രീയത്തിലെ ഉരുക്കുവനിത കെആര്‍ ഗൗരയിമ്മക്ക് പ്രമുഖരുടെ അനുശോചന പ്രവാഹം
X

മന്ത്രി കെകെ ശൈലജ

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെകെ ശൈലജ ടീച്ചര്‍. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലിസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മിനാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും അത് നടപ്പിലാക്കാനും അവര്‍ നേതൃത്വം നല്‍കി. ശരിയായ തീരുമാനം എടുക്കാനും എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ച് അത് നടപ്പാക്കാനുള്ള ആര്‍ജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയര്‍ത്തുന്നത്.


കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഷ്ട്രീയത്തില്‍ കനല്‍ വഴികള്‍ താണ്ടി ജനമസ്സ് കീഴടക്കിയ നേതാവ്. കേരളത്തിലെ ഏറ്റവും കഴിവുറ്റ വനിതാ നേതാക്കളില്‍ പ്രഗത്ഭ. ഗൗരിയമ്മയുടെ പോരാട്ടവീര്യം ശ്രദ്ധേയമാണ്. ഇഎംസ് മന്ത്രിസഭയില്‍ ഭരണപാടവം തെളിയിച്ച നേതാവ്. നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ മറ്റുനേതാക്കളില്‍ നിന്നും എന്നും വ്യത്യസ്തയാക്കി. കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശ്ശീലവീണത്. ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് നികത്താന്‍ കഴിയാത്ത വിടവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടി

കെആര്‍ ഗൗരിയമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്‌ക്കരണങ്ങള്‍ക്കും അവര്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും ഉമ്മന്‍ ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മന്ത്രി ടിപി രാമകൃഷ്ണന്‍

കെ ആര്‍ ഗൗരിയമ്മയുടെ വേര്‍പാടില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടിപി രാമകൃഷ്ണന്‍. അനുശോചിച്ചു. സാമൂഹ്യ നീതിക്കും പാവപ്പെട്ടവരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനുമായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ ചരിത്രം മാറ്റിക്കുറിച്ച മുന്നേറ്റങ്ങള്‍ക്ക് അസാധാരണമായ ധീരതയോടെ നേതൃത്വം നല്‍കിയ ഗൗരിയമ്മ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതില്‍ അതുല്യമായ പങ്കാണ് വഹിച്ചതെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

കെഇ ഇസ്മായില്‍

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെഇ ഇസ്മായില്‍ അനുശോചിച്ചു. അവര്‍ക്കൊപ്പം നിയമസഭയിലും പുറത്തും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവസരമുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നിരാഹാര സമരത്തില്‍ ഞങ്ങള്‍ക്കൊപ്പം ഗൗരി അമ്മയും ഉണ്ടായിരുന്നു. പിന്നീട് മുന്നണി മാറിയെങ്കിലും സൗഹൃദം തുടര്‍ന്നു. മന്ത്രി എന്ന നിലയില്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളിലും മികച്ച ഭരണാധികാരി എന്ന് അടയാളപ്പെടുത്താവുന്ന പദ്ധതികള്‍ അവര്‍ നടപ്പിലാക്കിയെന്നും അദ്ദേഹം അനുസ്മരിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ തുല്യമായ ജീവിതമാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ഇല്ലാതായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളേ നമുക്കു ചുറ്റുമുണ്ടായിട്ടുള്ളു. അതില്‍ ഒരാളായിരുന്നു കെആര്‍ ഗൗരിയമ്മ. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റപാടുകളില്‍ ജനിച്ച് വളര്‍ന്ന് അക്കാലത്തെ പല സ്ത്രീകള്‍ക്കും അപ്രാപ്യമായ ഉന്നത വിദ്യാഭ്യാസം നേടി, നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ജനാധിപത്യ കേരളത്തിന്റെ കരുത്തയായ നേതാവായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്‍പ്പെടെ ലിംഗ നീതിക്കും സാമൂഹ്യ സമത്വത്തിനും വേണ്ടി പോരാടാന്‍ എന്നും ഗൗരിയമ്മ മുമ്പിലുണ്ടായിരുന്നു. എന്റെ വിവാഹത്തിന് ശേഷം എന്നെയും ഭാര്യയെയും വിളിച്ച് വിരുന്നു തന്ന ഗൗരിയമ്മയെ ഇപ്പോഴും ഞാനോര്‍ക്കുന്നു. സ്വന്തം മകന് നല്‍കുന്ന സ്‌നേഹവായ്പുകളാണ് അവര്‍ എന്നും എനിക്ക് പകര്‍ന്ന് നല്‍കിയിട്ടുള്ളത്. ഗൗരിയമ്മ കടന്ന് പോകുന്നതോടെ ഒരു യുഗം അസ്തമിക്കുകയാണ്.




Next Story

RELATED STORIES

Share it