Latest News

ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തി; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി

ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തി; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി
X

ന്യൂഡല്‍ഹി: ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പുസ്തകത്തിന്റെ പ്രസാധനവും വിതരണവും വില്‍പ്പനയും നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.

അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് അഭിഭാഷകന്‍ രാജ് കിഷോര്‍ ചൗധരിവഴി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സല്‍മാന്‍ ഖുര്‍ഷിദിന്റെ 'അയോധ്യക്ക് മുകളിലെ സൂര്യോദയം: നമ്മുടെ കാലത്തെ ദേശീയത' എന്ന ഗ്രന്ഥം ജിഹാദി സംഘടനകളായ ഐസിസിനെയും ബോകൊ ഹറാമിനെയും ഹിന്ദുത്വ സംഘടനയുമായി താരതമ്യംചെയ്യുന്നുവെന്നാണ് ആരോപണം.

കാവി ആകാശം എന്ന പേരിലുള്ള അധ്യായത്തിലാണ് ഇതുസംബന്ധിച്ചുള്ള പരാമര്‍ശമുള്ളത്.

''യോഗികളുടെയും സന്യാസിമാരുടെയും സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദുമതത്തെയും ഹിന്ദുത്വ പ്രത്യയശാസ്ത്രം വശങ്ങളിലേക്ക് തള്ളിമാറ്റിയിരിക്കുന്നു. ഏത് മാനദണ്ഡം വച്ചും ഹിന്ദുത്വം, ജിഹാദി ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ ധാരകളായ ഐസിസ്, ബോകോ ഹറാം എന്നിവയ്ക്ക് തുല്യമാണ്'' എന്ന വാചകം പരാതിയില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.

ഐസിസ്, ബൊകോ ഹറാം എന്നിവ പോലെ ഹിന്ദുത്വം ഹിന്ദുയിസത്തിന്റെ അക്രമാസക്തമായ രൂപമാണെന്നും പുസ്തകത്തിലുണ്ടെന്ന് പരാതിയില്‍ പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം സമുദായ സൗഹാര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വേണം പരിഗണിക്കാനെന്നും ഹരജിക്കാരന്‍ വാദിക്കുന്നു. ഐപിസി 153, 153 എ, 298, 505(2) പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു.

ഇതേ പുസ്തകത്തിനെതിരേ നേരത്തെ ഡല്‍ഹി പോലിസില്‍ മറ്റൊരാള്‍ പരാതി നല്‍കിയിരുന്നു.

അതിനിടയില്‍ താന്‍ ഹിന്ദുത്വവും ഐസിസും തുല്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും സമാനമാണെന്നാണ് തന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുപി സംഭാളിലെ കല്‍കി ധമില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഐസിസും ഹിന്ദുത്വവും തുല്യമല്ലെങ്കിലും പല നിലക്കും സമാനതകള്‍ പുലര്‍ത്തുന്നുവെന്ന് പറഞ്ഞത്. ഹിന്ദുമതത്തിന്റെ എതിരാളികള്‍ അതിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആരോപിച്ചു.

മുന്‍ വിദേശകാര്യ മന്ത്രിയാണ് സല്‍മാന്‍ ഖുര്‍ഷിദ്. പതിനഞ്ചാം ലോകസഭയില്‍ അംഗമായ ഇദ്ദേഹം സഭയില്‍ ഉത്തര്‍പ്രദേശിലെ ഫാറൂഖ്ബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.

Next Story

RELATED STORIES

Share it