Latest News

കര്‍ണാടകയില്‍ സിഖ് വിദ്യാര്‍ത്ഥിനിയോട് തലപ്പാവ് അഴിച്ചുമാറ്റണമെന്ന് കോളജ് മാനേജ്‌മെന്റ്; നിയമനടപടിക്കൊരുങ്ങി കുടുംബം

കര്‍ണാടകയില്‍ സിഖ് വിദ്യാര്‍ത്ഥിനിയോട് തലപ്പാവ് അഴിച്ചുമാറ്റണമെന്ന് കോളജ് മാനേജ്‌മെന്റ്; നിയമനടപടിക്കൊരുങ്ങി കുടുംബം
X

ബെംഗളൂരു; ഹിജാബ് നിരോധനം കര്‍ണാടകയില്‍ ഇതുവരെയില്ലാത്ത പുതിയ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കുന്നു. തലപ്പാവ് അഴിച്ചുമാറ്റാനാവശ്യപ്പെട്ട കോളജ് മാനേജ്‌മെന്റിന്റെ ആവശ്യം സിഖ് വിദ്യാര്‍ത്ഥിനി നിരസിച്ചു. ഇത്തരം ആവശ്യത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥിനിയുടെ കുടുംബം കോളജ് അധികൃതരെ അറിയിച്ചു. ബെംഗളൂരു മൗണ്ട് കാര്‍മല്‍ പിയു കോളജിലെ വിദ്യാര്‍ത്ഥിനിയോടാണ് തലപ്പാവ് അഴിച്ചുമാറ്റാന്‍ മാനേജ്‌മെന്റ് അറിയിച്ചത്.

സിഖ് വിദ്യാര്‍ത്ഥിനിയുടെ നിലപാട് മുസ് ലിം വിദ്യാര്‍ത്ഥിനികളോട് മൃദുസമീപനം കൈക്കൊള്ളാന്‍ കോളജ് മാനേജ് മെന്റിനെ നിര്‍ബന്ധിതരാക്കിയതായും റിപോര്‍ട്ടുണ്ട്. അതേസമയം മാനേജ്‌മെന്റിനു മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹിജാബ് നിരോധനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഫെബ്രുവരി 16ന് കോളജ് തുറന്നപ്പോള്‍ ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പിയു കോളജ് അധികൃതര്‍ ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശം ചൂണ്ടിക്കാട്ടി മതചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

നിര്‍ദേശത്തോട് ചില കുട്ടികള്‍ സഹകരിച്ചെങ്കിലും സിഖ് വിദ്യാര്‍ത്ഥിനിയെ തലപ്പാവ് അണിയാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടി ചില കുട്ടികള്‍ ചെറുത്തു.

അതിനിടയില്‍ കോളജ് സന്ദര്‍ശിച്ച ഒരു ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നതിനെതിരേ കോളജ് മാനേജ്‌മെന്റിനെ താക്കീത് ചെയ്തു.

മാനേജ്‌മെന്റ് സിഖ് വിദ്യാര്‍ത്ഥിനിയോട് തലപ്പാവ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, വിദ്യാര്‍ത്ഥിനി അത് തള്ളി. വിദ്യാര്‍ത്ഥിനിയുടെ കുടുംബവും നിലപാടെടുത്തു. തലപ്പാവ് അഴിക്കാനാവില്ലെന്നും നിര്‍ബന്ധിച്ചാല്‍ നിയമപരമായി നേരിടുമെന്നും കുടുംബം അറിയിച്ചതായി മൗണ്ട് കാര്‍മല്‍ പിയു കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജനിവീവ് പറഞ്ഞു.

തലപ്പാവ് അഴിച്ചുമാറ്റി യൂനിഫോം നിയമം അനുസരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്കതിന് കഴിയില്ലെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞതായും സിസ്റ്റര്‍ ജനിവീവ് കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ കുടുംബം നിയമനടപടി സ്വീകരിക്കുമെന്ന് പിടിഐയും റിപോര്‍ട്ട് ചെയ്തു. സിഖ് വിശ്വാസിയോട് തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നത് അതീവ ഗുരുതരമായ കുറ്റമായാണ് കാണുന്നത്.

ഉഡുപ്പി കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസിലെത്തിയ മുസ് ലിം കുട്ടികളെ ഹിന്ദുത്വ സംഘടനകളും അധ്യാപകരും തടഞ്ഞതോടെയാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദങ്ങള്‍ തുടങ്ങിയത്. വിദ്യാര്‍ത്ഥിനികള്‍ ഇതുസംബന്ധിച്ച് നല്‍കിയ കേസ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുകയാണ്.

Next Story

RELATED STORIES

Share it