Latest News

കളക്ടര്‍ സാംബശിവ റാവു കുരിയാടിയില്‍ സന്ദര്‍ശനം നടത്തി; പഴുതടച്ച പ്രതിരോധത്തിന് നിര്‍ദേശം

കളക്ടര്‍ സാംബശിവ റാവു കുരിയാടിയില്‍ സന്ദര്‍ശനം നടത്തി; പഴുതടച്ച പ്രതിരോധത്തിന് നിര്‍ദേശം
X

കോഴിക്കോട്: കൊവിഡ് 19 വ്യാപനം രൂക്ഷമായ ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ കളക്ടര്‍ എസ്. സാംബശിവറാവു സന്ദര്‍ശനം നടത്തി. ചോറോട് പഞ്ചായത്ത് ഓഫിസില്‍ പ്രത്യേക യോഗം ചേര്‍ന്നു. കുരിയാടി മേഖലയില്‍ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. 17, 18 വാര്‍ഡുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ ഇടപെടല്‍ നടത്തി കഴിഞ്ഞിട്ടുണ്ട്. ഇവിടെയുള്ളവര്‍ക്ക് നിലവിലെ ഓണക്കിറ്റിന് പുറമെ പഞ്ചായത്തും ഓണക്കിറ്റ് നല്‍കും. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ എല്ലാ വീടുകളിലും നല്‍കാന്‍ തീരുമാനിച്ചു. ഈ വാര്‍ഡുകളില്‍ ഹെല്‍പ് ഡെസ്‌ക് സംവിധാനം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് 19 ബോധവല്‍ക്കരണ നോട്ടീസ് എല്ലാ വീടുകളിലും തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ഈ വാര്‍ഡുകളില്‍ ആവശ്യമായ പോലിസ് സംവിധാനവും ഒരുക്കും. യാതൊരു കാരണവശാലും അനാവശ്യമായി ഒരാളും വീട്ടില്‍ നിന്നു പുറത്ത് പോകാന്‍ പാടില്ല. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ആവശ്യത്തിനനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കും. 60 വയസു കഴിഞ്ഞവരെ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വീടുകളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തിനു ശേഷമാണ് കളക്ടര്‍ കുരിയാടിയില്‍ സന്ദര്‍ശനം നടത്തിയത്.

തീരദേശ മേഖലയായ കുരിയാടിയില്‍ നൂറിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പഞ്ചായത്തിലെ 17, 18 വാര്‍ഡുകള്‍ക്കു പുറമെ ഒന്നാം വാര്‍ഡിലും പത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

കലക്ടര്‍ക്കൊപ്പം ഡപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) സി ബിജു, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തില്‍, വൈസ് പ്രസിഡന്റ് കെ.കെ തുളസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി രേവതി, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, വാര്‍ഡ് 17, 18 മെമ്പര്‍മാരായ ശ്യാംരാജ്, വി സി ഇക്ബാല്‍ എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it