Latest News

കളക്ടര്‍ വാക്ക് പാലിച്ചു; അപൂര്‍വരോഗം ബാധിച്ച ലിജോയ്ക്ക് പുതിയ വെന്റിലേറ്റര്‍ ലഭിച്ചു

കളക്ടര്‍ വാക്ക് പാലിച്ചു; അപൂര്‍വരോഗം ബാധിച്ച ലിജോയ്ക്ക് പുതിയ വെന്റിലേറ്റര്‍ ലഭിച്ചു
X

തിരുവനന്തപുരം: 'ലിജോ ഇനി ഭയപ്പെടേണ്ട, അഭ്യുദയകാംക്ഷികള്‍ നിങ്ങളോടൊപ്പമുണ്ട്'-ജില്ലാ കളക്ടര്‍ ഡോ.നവ്‌ജോത് ഖോസ ഇത് പറഞ്ഞപ്പോള്‍ ലിജോ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ രോഗത്താല്‍ പതിമൂന്ന് വര്‍ഷങ്ങളായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന പാറശ്ശാല നെടുവാന്‍വിള മച്ചിംഗത്തോട്ടം സ്വദേശി ലിജോയ്ക്ക് ജില്ലാ കളക്ടര്‍ നേരിട്ടെത്തി അത്യാധുനിക വെന്റിലേറ്റര്‍ കൈമാറുമ്പോള്‍ പറഞ്ഞു.

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ ഏറ്റവും പുതിയ ആല്‍ഫ എമര്‍ജന്‍സി വെന്റിലേറ്ററാണ് നല്‍കിയത്. വെന്റിലേറ്റര്‍ എടുത്തുകൊണ്ടു പോകത്തക്ക വിധത്തിലായതിനാല്‍ ഒരിടത്തു നിന്നു വേറൊരിടത്തേക്ക് അനായാസേന മാറ്റാന്‍ സാധിക്കും.

ഇത് രണ്ടാം തവണയാണ് ജില്ലാ കളക്ടര്‍ ലിജോയെ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞതവണ എത്തിയപ്പോള്‍ ലിജോയുടെ പേരില്‍ പുതുതായി തയാറാക്കിയ അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറിയിരുന്നു. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വെന്റിലേറ്റര്‍ കേടാകുമോ എന്ന ആശങ്ക ലിജോ അന്ന് കളക്ടറോട് പങ്കുവെച്ചിരുന്നു. കാലതാമസമുണ്ടാകാതെ തന്നെ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കൂടിയായ കളക്ടര്‍ ലിജോയുടെ ഈ ആവിശ്യം നിറവേറ്റുകയായിരുന്നു.

2007ലാണ് അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന നിലയില്‍ ലിജോയെ ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി എഞ്ചിനീയറിങ് പ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു ലിജോ. ഒന്നരവര്‍ഷത്തോളം ശ്രീചിത്രയില്‍ ഐ.സി.യുവിലായിരുന്ന ലിജോയെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2012 മുതല്‍ വീട്ടില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കിടപ്പിലായിരുന്ന ലിജോ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്.

വെന്റിലേറ്ററില്ലാതെ ലിജോയ്ക്ക് ജീവിക്കാനാകില്ല. അതീവ ഗുരുതരാവസ്ഥയില്‍ നിന്നു ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. സഞ്ജീവ് വി. തോമസാണ് ലിജോയെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്. തീര്‍ത്തും ദുരവസ്ഥയിലായ ലിജോയുടെ കഥ ഡോ. സഞ്ജീവ് തന്നെയാണു ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

നമ്മുടെ സമൂഹത്തിന്റെ സഹജീവി സ്‌നേഹം വ്യക്തമാക്കുന്ന മാതൃകയാണിത്. സാമ്പത്തികമായും അല്ലാതെയും ലിജോയെ സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.പ്രതിസന്ധികള്‍ക്കിടെയിലും ലിജോയ്ക്ക് സുഖപ്രദമായൊരു ജീവിതം നല്‍കുവാന്‍ തുടര്‍ന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു.

ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ലിജോയുടെ ഡോക്ടറോട് ചോദിച്ചറിഞ്ഞു. ലിജോയുടെ ആവിശ്യം നിറവേറ്റാന്‍ ഒരു ചെറിയ ഭാഗമായതില്‍ വ്യക്തിപരമായി സംതൃപ്തിയുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സഹായം നല്‍കിയ എല്ലാവരോടും ജില്ലാ ഭരണകൂടത്തിന്റെ നന്ദി കളക്ടര്‍ അറിയിച്ചു.

ചെല്ലയ്യന്‍-മേഴ്‌സി ദമ്പതികളുടെ അഞ്ചു മക്കളില്‍ അവസാനത്തെ ആളാണ് ലിജോ. അച്ഛനും അമ്മയും മരിച്ചപ്പോള്‍ രോഗിയായ സഹോദരിയെയും തന്റെ രണ്ട് കുഞ്ഞുങ്ങളെയും ലിജോയേയും നോക്കുന്നത് കൂടപ്പിറപ്പായ വിപിന്‍ ആണ്. സ്ഥിര വരുമാനം ഇല്ലാത്ത വിപിന്‍ ഉണ്ടായിരുന്ന വീടും വസ്തുക്കളും വിറ്റായിരുന്നു ഇതുവരെയുള്ള ചികിത്സ നടത്തിയത്.

ഐ ബി എസ് കമ്പനിയുടെ നേതൃത്വത്തില്‍ സ്വന്തമായൊരു വീട് എന്ന ലിജോയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ഹാബിറ്റാറ്റാണ് വീട് നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു. 90 ദിവസം കൊണ്ട് വീടു പണി പൂര്‍ത്തിയാകും.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, നെടുവാന്‍വിള വാര്‍ഡ് മെമ്പര്‍ വി ആര്‍ വിനയനാഥ്, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ ബി.ഉണ്ണികൃഷ്ണന്‍, ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ച് ചെയര്‍മാന്‍ രഞ്ജിത്ത് കാര്‍ത്തികേയന്‍, ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ഹരികൃഷ്ണന്‍, ഇന്ത്യന്‍ റെഡ്‌ക്രോസ്സ് സൊസൈറ്റി വോളന്റിയര്‍മാര്‍,സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it