Latest News

സി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്‌

സി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്‌
X

കോഴിക്കോട്: ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സി എൻ അഹ്മദ് മൗലവിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 2022ലെ സി.എൻ. അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് ജനുവരി 31ന്‌ ചൊവ്വാഴ്ച വൈകുന്നേരം 4.30ന്‌ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ വെച്ച് കെ.സി. സലീമിന്‌ നൽകും. ഇസ്‌ലാമിക സാഹിത്യ രചനാ രംഗത്ത് അർപ്പിച്ച സമഗ്ര സംഭാവനകളുടെ പേരിലാണ്‌ ഈ പുരസ്കാരം നൽകുന്നത്.

പത്മശ്രീ അലി മണിക്ഫാൻ അവാർഡ് സമ്മാനിക്കും. മുജീവ് റഹ്മാൻ കിനാലൂർ സി.എൻ. അനുസ്മരണവും ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണവും നടത്തും. എം.എസ്.എസ്. പ്രസിഡന്റ് പി. ഉണ്ണീൻ അദ്ധ്യക്ഷത വഹിക്കും. എൻഡോവ്മെന്റ് കമ്മിറ്റി ചെയർമാൻ ജമാൽ കൊച്ചങ്ങാടി, കൺവീനർ കെ.പി.യു. അലി എന്നിവർ സംസാരിക്കും.

ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ജായത്തിൽ 1905ൽ ജനിച്ച സി.എൻ. അഹ്മദ് മൗലവി യാഥാസ്ഥികവിഭാഗത്തിന്റെ എതിർപ്പുകൾ വകവെക്കാതെ 1949ൽ ഖുർആൻ പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ സമ്പൂർണ ഖുർആൻ പരിഭാഷ 1961ൽ പുറത്തിറങ്ങി. മതഭേദമെന്യേ ഇസ്ലാമിക സംസ്കാരം പരിചയപ്പെടുത്തുന്ന സഹീഹുൽ ബുഖാരി പരിഭാഷ, ഇസ്ലാം ഒരു സമഗ്ര പഠനം, ഇസ്ലാമിലെ ധനവിതരണ പദ്ധതി, ഇസ്ലാം ചരിത്രം തുടങ്ങി കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി 1989ൽ വിശിഷ്ടാംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1993 ഏപ്രിൽ 17ന്‌ അദ്ദേഹം കോഴിക്കോട്ട് നിര്യാതനായി.

എഴുത്തുകാരനും പരിഭാഷകനും പത്രപ്രവർത്തകനുമായ കെ.സി. സലീം സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ റീജനൽ ഡയരക്ടറായിരുന്നു. ഇന്ററാക്റ്റീവ് എന്ന ഓൺലൈൻ പോർട്ടലിന്റെ സ്ഥാപക എഡിറ്റർ. നാല്‌ വർഷത്തിലധികം അതിന്റെ എഡിറ്ററായിരുന്നു. 1954ലാണ്‌ ജനനം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം.

സഫി കസ്കസ്, ഡേവിഡ് ഹംഗർഫോർഡ് എന്നിവർ രചിച്ച ഖുർആൻ ബൈബിൾ ഒരു താരതമ്യവായന, സിയാവുദ്ദീൻ സർദാറിന്റെ സ്വർഗം തേടി: ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകൾ എന്നിവയടക്കം ഒരു ഡസനിലേറെ പുസ്തകങ്ങൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. തൻകുഞ്ഞ് പൊൻകുഞ്ഞ്, നന്മയുടെ വൃക്ഷങ്ങൾ എന്നിവ സ്വന്തം കൃതികൾ. പത്ത് വർഷത്തിലേറെക്കാലം ഒമാനിലെ റ്റൈംസ് ഓഫ് ഒമാൻ ദിനപത്രത്തിന്റെ കേരളാ കറസ്പോണ്ടന്റായിരുന്നു. പ്രബോധനം വാരികയിൽ സഹപത്രാധിപരും മലർവാടി ബാലമാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്നു.

Next Story

RELATED STORIES

Share it