Latest News

മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം; മുഖ്യ സംഘാടകന്‍ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി

ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി മെസി ഇന്ന് മുംബൈയില്‍, പരിപാടിയില്‍ ഛേത്രിയും സച്ചിനും പങ്കെടുത്തേക്കും

മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം; മുഖ്യ സംഘാടകന്‍ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി
X

വാംഖഡേ: ലയണല്‍ മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ദത്തയെ 14 ദിവസത്തേക്ക് ബിധാനഗര്‍ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മെസിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ദത്തയെ പോലിസ് അറസ്റ്റു ചെയ്തത്. അതേസമയം മെസി ഞായറാഴ്ച മുംബൈയിലെത്തി. വൈകിട്ട് 5.30ന് വാംങ്കഡെ സ്റ്റേഡിയത്തിലാണ് പരിപാടി. സുനില്‍ ഛേത്രി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികള്‍ അക്രമാസക്തരായി. സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മെസിയോടും ആരാധകരോടും മാപ്പുപറഞ്ഞു. പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു. മെസിയും സംഘവും ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 4,000 മുതല്‍ 15,000 രൂപ വരെയായിരുന്നു പരിപാടിയുടെ ടിക്കറ്റ് നിരക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അമ്പതിനായിരത്തോളം ആളുകള്‍ മെസിയെ കാണാനെത്തിയിരുന്നു.

സ്റ്റേഡിയത്തിലെത്തുമ്പോള്‍ രാഷ്ട്രീയനേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന വലിയ സംഘത്തിന്റെ നടുവിലായിരുന്നു മെസി. ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസും കൂടെയുണ്ടായിരുന്നു. കനത്ത ആള്‍വലയത്തിലായതിനാല്‍ സ്റ്റേഡിയത്തിലിരുന്നവര്‍ക്ക് താരത്തെ കാണുന്നില്ലായിരുന്നു. ഇതോടെ കാണികള്‍ പ്രതിഷേധം തുടങ്ങി. സ്റ്റേഡിയത്തില്‍ കാണികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പരാതിയുണ്ട്. സാഹചര്യം മോശമായതിനാല്‍ സംഘാടകര്‍ ഉടന്‍ മെസിയെ പുറത്തിറക്കിയതോടെ കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു.

അതേസമയം ലയണല്‍ മെസി ഇന്നലെ ഹൈദരാബാദിലെത്തി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് മെസിയെ വരവേറ്റത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ടീമിനുമൊപ്പം പന്തുതട്ടി. സഹതാരങ്ങളായ റോഡ്രിഗോ ഡി പോളും ലൂയിസ് സുവാരസും മെസിക്കൊപ്പം പന്തുതട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. മെസിയും സംഘവും സ്റ്റേഡിയത്തിലെ ആരാധകരെ വലയം ചെയ്തു. ഏതാനും പന്തുകള്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ക്കുനേരെ അടിച്ചുകൊടുത്തു. പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കൈകൊടുക്കുകയും ഒരുമിച്ചു ഫോട്ടോയെടുക്കുകയും ജെഴ്‌സി കൈമാറുകയും ചെയ്തു.

Next Story

RELATED STORIES

Share it