Latest News

സിനിമ സാമുദായിക ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതാവരുത്; 'ഉദയ്പൂര്‍ ഫയല്‍സി'നെതിരേ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

സിനിമ സാമുദായിക ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതാവരുത്; ഉദയ്പൂര്‍ ഫയല്‍സിനെതിരേ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
X

ന്യൂഡല്‍ഹി: ഉദയ്പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ സാഹുവിന്റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള 'ഉദയ്പൂര്‍ ഫയല്‍സ്' എന്ന സിനിമ സാമുദായിക ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി. നേരത്തെ, സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, എക്‌സ് തുടങ്ങിയ എല്ലാ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും സിനിമയുടെ ട്രെയിലര്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് (എംഐബി) നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സാഹുവിന്റെ കൊലപാതകം മുസ് ലിം സമുദായത്തിലെ നേതാക്കളുടെ ഒത്താശയോടെയാണ് നടന്നതെന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്നുണ്ടെന്നും അത്തരമൊരു ആഖ്യാനം ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു സമൂഹത്തെ മുഴുവന്‍ മുന്‍വിധിയോടെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു, അതുവഴി സമൂഹത്തിലെ അംഗങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാകും. രാജ്യത്തുടനീളമുള്ള പൊതുസമാധാനത്തിനും പൊതുക്രമത്തിനും ഗുരുതരമായ തടസ്സം സൃഷ്ടിച്ചേക്കാവുന്ന തരത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ ഒരു വിള്ളല്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സിനിമ വളരെ പ്രകോപനപരമായ സ്വഭാവമുള്ളതാണെന്നും ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് വ്യക്തമാക്കി.

കലാപരമായ ആവിഷ്‌കാരം, അത് എത്ര പ്രകോപനപരമാണെങ്കിലും, സാഹോദര്യത്തെ തകര്‍ക്കുന്നതിനും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാഷ്ട്രത്തിന്റെ ധാര്‍മ്മിക അടിത്തറയെ പിഴുതെറിയുന്നതിനുമുള്ള ഒരു മാര്‍ഗമായി മാറാന്‍ അനുവദിക്കരുത്. അതിനാല്‍, സിനിമയുടെ റിലീസ്, വിതരണം, പൊതു പ്രദര്‍ശനം എന്നിവ നിരോധിക്കുന്നതിനുള്ള നിര്‍േദശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു. രാജ്യവ്യാപകമായി വര്‍ഗീയ കലാപത്തിന് കാരണമായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് നൂപുര്‍ ശര്‍മ്മ നടത്തിയ വിവാദ പ്രസ്താവനയെ ഈ സിനിമ എടുത്തുകാണിക്കുന്നുണ്ടെന്നും സാമുദായിക സാഹോദര്യത്തെ നശിപ്പിക്കുന്ന ഇത്തരം നടപടികളില്‍ അടിയന്തര ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പറയുന്നു.

ജൂലൈ പതിനൊന്നിന് സിനിമ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം.

Next Story

RELATED STORIES

Share it