Latest News

മതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്‌ക്കെതിരെ ക്രിസ്ത്യന്‍ മതനേതാക്കള്‍ നിലപാട് വ്യക്തമാക്കണം: സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി

മതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്‌ക്കെതിരെ ക്രിസ്ത്യന്‍ മതനേതാക്കള്‍ നിലപാട് വ്യക്തമാക്കണം: സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി
X

തിരുവനന്തപുരം: നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷ നുണപ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന കാസയ്ക്കും അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനുമെതിരെ കേരളത്തിലെ ക്രിസ്ത്യന്‍ മതനേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി.

കാസക്കെതിരെ സര്‍ക്കാര്‍ കേരള ആഭ്യന്തര വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മെയ് ഒന്‍പതിന് വര്‍ക്കല അയിരൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രേമിച്ച പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ച് കൊണ്ടുപോയ സംഭവത്തെ ലൗ ജിഹാദായും പാക്കിസ്ഥാന്‍ മോഡലായും ചിത്രീകരിച്ച് കാസയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചിരുന്നുവെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഭാരവാഹികള്‍ പത്ര സമ്മേളനത്തിലൂടെ പറഞ്ഞു.

'കോടഞ്ചേരിയിലെ വിവാഹത്തിന് ശേഷം പാക്കിസ്ഥാന്‍ മോഡല്‍ വീണ്ടും' എന്ന തലക്കെട്ടിലാണ് കാസയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൗ ജിഹാദ് രണ്ടാം തരംഗമെന്നും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

കോടഞ്ചേരിയിലേത് ഇരു സമുദായത്തിലുള്ളവര്‍ തമ്മിലുള്ള പ്രണയവിവാഹം മാത്രമാണെന്ന് അതുമായി ബന്ധപ്പെട്ട് വ്യക്തമായതാണ്. ആ സംഭവത്തെയും അയിരൂരില്‍ നടന്ന പ്രണയത്തെയും പാക്കിസ്ഥാന്‍ മോഡലെന്നാണ് കാസ അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നതെന്നും ഭാരവാഹികളായ കെ.ജി. ജഗദീശന്‍, ശ്രീജ നെയ്യാറ്റിന്‍കര, എന്‍. അബ്ദുള്‍ സത്താര്‍ എന്നിവര്‍ പറഞ്ഞു.

എറണാകുളം സ്വദേശി കെവിന്‍ പീറ്റര്‍ പ്രസിഡന്റായുള്ള കാസ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സമാനമായ നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേന മുസ്‌ലിങ്ങള്‍ക്കെതിരേ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍വഴി വിഷം ചീറ്റുന്ന നിരവധി വീഡിയോകള്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുസ്‌ലിം യുവാക്കളേയും യുവതികളെയും പ്രതിക്കൂട്ടിലാക്കി 'ലവ് ജിഹാദ്' എന്ന നുണ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് അതിലൂടെ മുസ്ലിം ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. സുപ്രിംകോടതിയും ഹൈക്കോടതിയും വിവിധ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളും തീര്‍പ്പുകല്‍പ്പിച്ച വിഷയമാണ് 'ലവ് ജിഹാദ്'. പ്രസ്തുത സംഘടനയും അതിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും ചെയ്യുന്നത് കോടതിയലക്ഷ്യവും മതസൗഹാര്‍ദം തകര്‍ക്കലുമാണ് എന്നത് വ്യക്തമാണ്.

ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി തിരുവനന്തപുരം കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമപരിശോധന നടത്തുന്നുവെന്നും കാസ ഭാരവാഹികളെ താക്കീത് ചെയ്തിട്ടുണ്ടെന്നുമാണ് കരമന പൊലിസ് പറയുന്നതെന്നും ഇവര്‍ പറഞ്ഞു.

ക്രിസ്ത്യന്‍ സഭകളുടെ പേരില്‍ മതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്‌ക്കെതിരെ ക്രിസ്ത്യന്‍ മതനേതാക്കള്‍ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന കാസ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നത്. സംഘപരിവാരിന്റെ വംശീയവിദ്വേഷ ആശയങ്ങളാണ് കാസ പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ഗൂഢപദ്ധതികളുടെ ഭാഗമാണ് കാസ.

ഈ പശ്ചാത്തലത്തില്‍ നിരന്തരം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന കാസയ്ക്കും അവരുടെ ഫേസ്ബുക്ക് പേജിനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവണമെന്നും സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it