Latest News

വടക്കേയിന്ത്യന്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ പിളര്‍പ്പ്: ഛോട്ടാനാഗ്പൂര്‍ ബിഷപ്പ് സ്വതന്ത്ര സഭ പ്രഖ്യാപിച്ചു

വടക്കേയിന്ത്യന്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ പിളര്‍പ്പ്: ഛോട്ടാനാഗ്പൂര്‍ ബിഷപ്പ് സ്വതന്ത്ര സഭ പ്രഖ്യാപിച്ചു
X

ഛോട്ടാനാഗ്പൂര്‍: പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, സിഎന്‍ഐ സഭയില്‍ പിളര്‍പ്പ്. പിളര്‍പ്പിന് നേതൃത്വം നല്‍കിയ ഛോട്ടാനാഗ്പൂര്‍ രൂപത ബിഷപ്പ് സഭ വിട്ടുപോയതായി പ്രഖ്യാപിച്ചതിനു പിന്നാലെ സ്വതന്ത്ര സഭാപ്രഖ്യാപനവും നടത്തി.

പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലെ ഛോട്ടാനാഗ്പൂര്‍ രൂപതയിലെ ബിഷപ്പ് ബാസില്‍ ബി ബാസ്‌കിയാണ് സഭയില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ച് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്. സിഎന്‍ഐ സഭയുടെ ദേശീയ സമിതിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ബിഷപ്പിന്റെ കടുത്ത നടപടി.

സിഎന്‍ഐ സഭയുടെ ഏറ്റവും ഉയര്‍ന്ന സമിതിയായ സിനഡ് ബിഷപ്പിന്റെ നടപടിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ്പിനോട് അവധിയില്‍ പോവാനും ആവശ്യപ്പെട്ടു. ബിഷപ്പ് ഇപ്പോഴും ബിഷപ്പ് ഹൗസില്‍ തന്നെയാണ് താമസം.

താനൊരു സ്വതന്ത്ര സഭയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സിനഡിന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനല്ലെന്നും ബിഷപ്പ് ബാസ്‌കി പറഞ്ഞു. ജൂലൈ 21നാണ് സഭാസമിതി ബിഷപ്പിനെതിരേ അച്ചടക്ക നടപടി പ്രഖ്യാപിച്ചത്.

ബിഷപ്പിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ ഛോട്ടാനാഗ്പൂര്‍ രൂപതാ സെക്രട്ടറി ജോല്‍ജാസ് കുജൂറിനെ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കൂടാതെ പുതിയൊരു താല്‍ക്കാലിക കമ്മിറ്റിക്കും രൂപം നല്‍കി. പുതിയ രൂപതാ കമ്മിറ്റി നിലവില്‍ വരുന്നതുവരെ താല്‍ക്കാലിക കമ്മിറ്റിക്കായിരിക്കും അധികാരം.

ജൂലൈ 21ന് ചേര്‍ന്ന സഭാസിനഡ് ബിഷപ്പിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നും അനുസരണക്കേടാണെന്നും വിലയിരുത്തിയിരുന്നു.

സഭയില്‍ നിന്ന് പുറത്തുപോകാന്‍ ഒരു രൂപതയ്ക്കും അവകാശമില്ലെന്ന് സിഎന്‍ഐ സിനഡ് മോഡറേറ്റര്‍ ബിഷപ്പ് പി സി സിങ് വ്യക്തമാക്കി. ബിഷപ്പ് ബാസ്‌കിയെ സിഎന്‍ഐ സിനഡാണ് നിയമിച്ചത്. അത്തരമൊരാള്‍ക്ക് സിനഡിനെ പുറത്താക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സഭയുമായി ബന്ധപ്പെട്ട അഴിമതിയാണ് തര്‍ക്കവിഷയമെന്ന് ബിഷപ്പ് ബാസ്‌കി പറഞ്ഞു. താന്‍ സിനഡ് ഉദ്യോഗസ്ഥര്‍ക്കെതിരേ അഴിമതി ആരോപണം നടത്തിയ സാഹചര്യത്തില്‍ സിനഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഖ്യം ചേര്‍ന്ന് തനിക്കെതിരേ അതേ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിഷപ്പ് ആരോപിച്ചു.

സിനഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റി മുതിര്‍ന്ന അംഗമായ സുരേഷ് ജേക്കബ്, ബിഷപ്പ് ബാസ്‌കിക്കെതിരേ തങ്ങള്‍ കടുത്ത നടപടികളൊന്നും തല്‍ക്കാലം കൈക്കൊള്ളുന്നില്ലെന്നും സ്‌നേഹത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു. രൂപതയുടെ എല്ലാ സ്വത്തും സിഎന്‍ഐ സഭയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അവര്‍ പുറത്തുപോകണം. ബിഷപ്പ് ബാസ്‌കി ഇപ്പോഴും സിഎന്‍ഐയില്‍ അംഗവും ബഹുമാനിതനായ ബിഷപ്പുമാണ്. അദ്ദേഹത്തിന് തിരിച്ചുവരാനും പശ്ചാത്തപിക്കാനും തങ്ങള്‍ അവസരം നല്‍കുമെന്നും സുരേഷ് ജേക്കബ് പറഞ്ഞു.

ബ്രിട്ടീഷ് കാലത്തെ ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് ഉടലെടുത്ത സിഎന്‍ഐ സഭയ്ക്ക് ഇന്ത്യയിലാകമാനം വലിയ തോതില്‍ ഭൂസ്വത്തുണ്ട്. എല്ലാ പ്രൊട്ടസ്റ്റന്റ് പള്ളികളെയും ഉള്‍പ്പെടുത്തി 1970 ലാണ് സിഎന്‍ഐ സഭ രൂപം കൊള്ളുന്നത്. പുതിയ സഭ രൂപം കൊണ്ട ശേഷം എല്ലാ സ്വത്തും സിഎന്‍ഐ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയ്ക്കു കീഴിലായി. നിലവില്‍ സിഎന്‍ഐ സഭ ലോക ആഗ്ലിക്കന്‍ കമ്മ്യൂണിയനില്‍ അംഗമാണ്.

ഛോട്ടാനാഗ്പൂര്‍ അടക്കം സിഎന്‍ഐ സഭയില്‍ 27 രൂപതകളാണ് ഉള്ളത്.

Next Story

RELATED STORIES

Share it