Latest News

യുദ്ധത്തിന്റെ ആഘാതം ചിത്രങ്ങളാക്കി ഗസയിലെ കുരുന്നുകള്‍ (ചിത്രങ്ങള്‍)

യുദ്ധത്തിന്റെ ആഘാതം ചിത്രങ്ങളാക്കി ഗസയിലെ കുരുന്നുകള്‍  (ചിത്രങ്ങള്‍)
X

ലണ്ടന്‍: 'ഇത് എന്റെ സഹോദരന്റെ കഫന്‍ ആണ്,' മധ്യ ഗസയിലെ ഒരു ആര്‍ട്ട് വര്‍ക്ക്ഷോപ്പില്‍ താന്‍ ഉണ്ടാക്കിയ ഒരു കളിമണ്‍ രൂപം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 12 വയസ്സുകാരി ജെനാന്‍ അബു സാദ പറഞ്ഞു.തുണിയില്‍ പൊതിഞ്ഞ അവളുടെ അനുജന്റെ മൃതദേഹം ഒരിക്കലും അവളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. അവളുടെ കലയിലൂടെ, അത് കാണുന്ന എല്ലാവരിലും അത് നിലനില്‍ക്കുന്നു . നിരപരാധികളുടെ ജീവിതങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇതുപോലെയുള്ള ഒരോ കലകളും.


ഗസയില്‍ യുദ്ധം കനത്തതോടെ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും കമ്മ്യൂണിറ്റി സെന്ററുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. യുദ്ധം കൂടുതലും ബാധിച്ചത് കുഞ്ഞുങ്ങളെയാണ്. യുദ്ധത്തിന്റെ ആഘാതം അവരെ അത്രത്തോളം വേട്ടയാടിയിരുന്നു. ഇതോടെയാണ് ഷബാബീക്ക് സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്ടിന്റെയും യുകെ ആസ്ഥാനമായുള്ള ചാരിറ്റിയായ ഹോപ്പ് ആന്‍ഡ് പ്ലേയുടെയും പിന്തുണയോടെ, അവരും മറ്റ് കലാകാരന്മാരും കുട്ടികളെ യുദ്ധത്തിന്റെ ആഘാതത്തെ നേരിടാന്‍ സഹായിക്കുന്നതിനായി താല്‍ക്കാലിക വര്‍ക്ക്ഷോപ്പുകള്‍ മധ്യഗസയില്‍ ആരംഭിച്ചത്.


ഫലസ്തീനിലെ കലാ പരിശീലകയും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമായ ജിഹാദ് ജാര്‍ബൗവിലിന്റെ ആര്‍ട്ട് വര്‍ക്ക്‌ഷോപ്പില്‍ നിരവധി കുട്ടികളാണ് കല പഠിക്കുന്നത്. അവിടെയുള്ള കുഞ്ഞുങ്ങളുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരോന്നും ഗസയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. അതിജീവനം തന്നെ ഒരു ദൈനംദിന പോരാട്ടമായി തുടരുന്നു. വിശപ്പും രോഗവും മൂലം തളര്‍ന്ന കുട്ടികള്‍ പലപ്പോഴും വെള്ളത്തിനോ ഒരിത്തിരി ഭക്ഷണത്തിനോ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കാറുണ്ട്.

ഈ പശ്ചാത്തലത്തില്‍, ആരും ഇനി ചോദിക്കാന്‍ തോന്നാത്ത ചോദ്യങ്ങളോടെയാണ് ജാര്‍ബൗ തന്റെ കലാ സെഷനുകള്‍ ആരംഭിക്കുന്നത് . ഗസയിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ ഗസയുടെ നേര്‍ചിത്രങ്ങളാണ്. 'പ്രിയപ്പെട്ടവരെ മോഷ്ടിച്ച രാക്ഷസന്‍' എന്ന് കുട്ടികള്‍ വിളിക്കുന്ന ക്വാഡ്കോപ്റ്റര്‍ ഡ്രോണുകളും വീടുമെല്ലാം കുട്ടികളുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന തീമുകളാണെന്ന് പ്രാദേശിക കലാകാരന്മാര്‍ പറയുന്നു.


സുരക്ഷിതത്വം അനുഭവിക്കാനുള്ള അവരുടെ ആഴത്തിലുള്ള ആവശ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ഷബാബീക്കിലും ഹോപ്പ് ആന്‍ഡ് പ്ലേയിലും പ്രവര്‍ത്തിക്കുന്ന വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുസ്തഫ മുഹന്ന പറഞ്ഞു.

വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മെയ്സ യൂസഫ്, ആര്‍ട്ട് തെറാപ്പിയിലേക്കുള്ള യാത്ര ആരംഭിച്ചത് വീട്ടില്‍ നിന്നാണ്, മകള്‍ക്ക് രണ്ട് അടുത്ത സുഹൃത്തുക്കളെ നഷ്ടപ്പെട്ടതിനുശേഷമായിരുന്നു ആ കലായാത്ര. യുദ്ധം യൂസഫിന്റെ ദേര്‍ അല്‍-ബലായിലെ വീട്, 70 കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഒരു അഭയകേന്ദ്രമാക്കി മാറ്റി. സൈക്കോളജിസ്റ്റായ ഭര്‍ത്താവിനൊപ്പം അവര്‍ ആര്‍ട്ട് തെറാപ്പിയില്‍ സ്വയം പരിശീലനം നേടുകയും വീട്ടിലും അടുത്തുള്ള ക്യാംപുകളിലും വര്‍ക്ക് ഷോപ്പുകള്‍ ആരംഭിക്കുകയും ചെയ്തു.


'ഇസ്രായേല്‍ സൈന്യം കൂടാരങ്ങളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ വര്‍ക്ക്‌ഷോപ്പുകള്‍ എന്റെ വീടിന് പുറത്തുള്ള തെരുവിലേക്ക് മാറ്റി, ചിലപ്പോള്‍ ഒരേസമയം 120 കുട്ടികളുമായി ജോലി ചെയ്യുമായിരുന്നു, എന്നാല്‍ ഈ തെരുവ് പോലും വെടിവയ്പ്പിന് വിധേയമായി. പിന്നെ ഞാന്‍ എന്റെ ജോലി എന്റെ വീട്ടിലേക്ക് മാറ്റി, എന്റെ സ്റ്റുഡിയോ നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ഞാന്‍ കുട്ടികളെ ചുവരുകളിലും അവര്‍ക്ക് ഇഷ്ടമുള്ളിടത്തും വരയ്ക്കാന്‍ അനുവദിക്കുന്നു,അവര്‍ പറഞ്ഞു.

ഗസയിലെ ഒരു കുടുംബം പോലും നഷ്ടത്തില്‍ നിന്ന് മുക്തമല്ല. ഈ മനപ്പൂര്‍വമായ പട്ടിണി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ തകര്‍ത്തു. ഈ വര്‍ക്ക്‌ഷോപ്പുകളില്‍, കുട്ടികള്‍ തങ്ങളുടെ മനസിലുള്ളതെല്ലാം ആര്‍ട്ടിലൂടെ ചോദിക്കുന്നു. കലയിലൂടെയെങ്കിലും അവര്‍ അല്‍പം മനസ് തുറക്കുന്നു , പ്രതീക്ഷ പങ്കുവക്കുന്നു.

Next Story

RELATED STORIES

Share it