Latest News

ചാര്‍ട്ടര്‍ ഫ്‌ളൈറ്റ്: കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം

പരിമിതമായ വന്ദേ ഭാരത ഫ്‌ളൈറ്റുകളില്‍ അവസരം കിട്ടാത്തവര്‍ക്ക് ആശ്വാസമായ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളെ ഇല്ലാതാക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്.

ചാര്‍ട്ടര്‍ ഫ്‌ളൈറ്റ്: കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം
X

ജിദ്ദ: ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളില്‍ വരുന്നവര്‍ സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നുമുള്ള കേരള സര്‍ക്കാറിന്റെ നിബന്ധന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ കമ്മിറ്റി പ്രസ്താവിച്ചു. യാതൊരുവിധ ന്യായീകരണവുമില്ലാത്ത ഈ നിയമം മൂലം ആയിരങ്ങളാണ് കഷ്ടപ്പെടുക. പരിമിതമായ വന്ദേ ഭാരത ഫ്‌ളൈറ്റുകളില്‍ അവസരം കിട്ടാത്തവര്‍ക്ക് ആശ്വാസമായ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളെ ഇല്ലാതാക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍റ്റ് കിട്ടിയാല്‍ അതിനു ശേഷം ഒരാള്‍ക്ക് രോഗം ബാധിക്കാമെന്നിരിക്കെ ഈ നിയമം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതില്ല എന്ന് പരോക്ഷമായി പറയുകയാണ്. അതുപോലെ വന്ദേ ഭാരത് വഴി വരുന്നവര്‍ക്ക് ഇത് ബാധകമല്ല എന്നുള്ളത് എന്തടിസ്ഥാനത്തിലാണെന്നും വിശദമാക്കേണ്ടതാണ്. നേരത്തെ തന്നെ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനെ തടയാന്‍ പല വഴിക്കും ശ്രമിച്ച് പരാജയപ്പെട്ട കേരള സര്‍ക്കാറിന്റെ പുതിയ നീക്കമാണിത് എന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രവാസി സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ പ്രവാസികളോടുള്ള നിഷേധാത്മക മനോഭാവം തിരുത്തണമെന്നും നാടണയാനുള്ള പ്രവാസികളുടെ അവകാശം ഇല്ലാതാക്കാനുളെ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രസിഡണ്ട് റഹീം ഒരുക്കുങ്ങല്‍ ജനറല്‍ സെക്രട്ടറി എം പി അഷ്റഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു


Next Story

RELATED STORIES

Share it