Latest News

സ്വകാര്യതാ നയത്തില്‍ മാറ്റം: വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

സ്വകാര്യതാ നയത്തില്‍ മാറ്റം: വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്‌സ്ആപ്പിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് വാട്‌സ്ആപ്പിലെ സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

വാട്‌സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ാം തിയ്യതി മുതല്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ നിബന്ധന വഴി വാട്‌സ്ആപ്പ് ലംഘിക്കുകയാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.

ഐടി ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിനോട് ഇത്തരം വിവരങ്ങള്‍ മൂന്നാമതൊരാളുമായി കൈമാറരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുന്നതിന് വിലക്കേര്‍പ്പെടുത്തണം, സ്വാര്യതാ നയങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവാശങ്ങളുടെ പാര്‍്ട്ട് മൂന്നിന് അനുസരിച്ചായിരിക്കണം, ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇലക്ട്രോണിസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന് നിര്‍ദേശം നല്‍കണം- എന്നിവയാണ് മറ്റാവശ്യങ്ങള്‍.

വാട്‌സ് ആപ്പ് ഇന്ത്യയില്‍ വളരെയേറെ ഉപയോഗത്തിലുള്ള ആപ്പാണ്. ജനങ്ങള്‍ തമ്മില്‍ മാത്രമല്ല, സര്‍ക്കാര്‍ തലത്തിലും വിവര വിനിമിയത്തിന് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്‌സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നതുപോലും സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കേണ്ടത് പ്രധാനമാണ്. 180 രാജ്യങ്ങളിലായി 200 കോടി ജനങ്ങളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ജനങ്ങള്‍ കുടുംബങ്ങളായും സുഹൃത്തുക്കളായും സര്‍ക്കാരുമായും ഈ സംവിധാനത്തിലൂടെ ബന്ധപ്പെടുന്നുണ്ട്. ഇത്രയും പ്രധാനമായ ഒരു ആപ്പ് സ്വകാര്യത സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.

തങ്ങള്‍ക്ക് ലഭിക്കുന്ന ബയോ വിവരങ്ങള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍, പ്രൊഫൈല്‍ പിക്ചറുകള്‍ തുടങ്ങിയവ മൂന്നാമതൊരു കക്ഷിയുമായി പരസ്യ ആവശ്യങ്ങള്‍ക്ക് കൈമാറുന്നത് അംഗീകരിച്ചുകൊണ്ടുള്ള കരാറില്‍ ഉപഭോക്താക്കള്‍ ഒപ്പുവയ്ക്കണമെന്നാണ് വാട്‌സ്ആപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇത് അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഫെബ്രുവരി 8ന് റദ്ദാകും. അതേസമയം വ്യക്തികളുടെ സ്വകാര്യതയെ പുതിയ നയംമാറ്റം ബാധിക്കില്ലെന്ന് വിശദീകരിച്ചുകൊണ്ട് വാട്‌സ്ആപ്പ് വമ്പന്‍ പരസ്യങ്ങള്‍ ഇന്ത്യളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.

Next Story

RELATED STORIES

Share it