Latest News

കൊവിഡ് 19: സുപ്രിംകോടതിയില്‍ പുരി ജഗന്നാഥ രഥയാത്രയുടെ വിലക്ക് നീക്കാനായി കേന്ദ്രം നടത്തിയത് തിരക്കിട്ട നീക്കം

കൊവിഡ് 19: സുപ്രിംകോടതിയില്‍ പുരി ജഗന്നാഥ രഥയാത്രയുടെ വിലക്ക് നീക്കാനായി കേന്ദ്രം നടത്തിയത് തിരക്കിട്ട നീക്കം
X

ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന പുരി ജഗന്നാഥ രഥയാത്രയുടെ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി കേന്ദ്രത്തിന്റെ തിരക്കിട്ട നീക്കത്തിന്റെ ഭാഗമെന്ന് അമിത് ഷാ. രഥയാത്രയ്ക്ക് അനുമതി നല്‍കിയ വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമിത് ഷാ ഇതുസംബന്ധിച്ച് മൂന്നോ നാലോ ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തത്. രഥയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി ചെയ്ത സഹായങ്ങള്‍ക്കും അമിത് ഷാ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഒഡീഷ സര്‍ക്കാരിന്റെയും ഏകോപനത്തോടെ രഥയാത്ര നടത്താനാണ് ഇന്ന് വൈകീട്ട് സുപ്രിംകോടതി അനുമതി നല്‍കിയത്. കൊവിഡ് പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന സയമത്ത് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഒരു ആഘോഷം രോഗവ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒഡീഷയിലെ എന്‍ജിഒ ആണ് കോടതിയെ സമീപിച്ച് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് സമ്പാദിച്ചിരുന്നത്. ആ വിധിയാണ് ഇപ്പോള്‍ കോടതി പരിഷ്‌കരിച്ചത്.

ഇന്നത്തെ വിധി തനിക്ക് മാത്രമല്ല, കോടിക്കണക്കിനു വരുന്ന ഭക്തര്‍ക്കും രാഷ്ട്രത്തിനും തന്നെ സുപ്രധാന ദിനമാണെന്നായിരുന്നു അമിത് ഷായുടെ ഒരു ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ വിധി വരുന്നതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം താന്‍ നടത്തിയ നീക്കങ്ങളെ കുറിച്ചും അമിത് ഷാ എഴുതുന്നു. രഥയാത്രയ്ക്ക് അനുമതി ലഭിക്കാനായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം അമിത് ഷാ, പുരി ശങ്കരാചാര്യരെയും ക്ഷേത്രം ഭാരവാഹികളെയും പുരി ക്ഷേത്രത്തിന്റെ അധികാരിയായ ഗജപതി മഹാരാജയെയും കണ്ട് ചര്‍ച്ച നടത്തി. ഇന്നലെ വൈകീട്ട് സോളിസിറ്റര്‍ ജനറര്‍ തുഷാര്‍ മേത്തയുമായും സംസാരിച്ചു. തുടര്‍ന്നാണ് കേസ് ഇന്ന് വൈകീട്ട് കോടതി പരിഗണിച്ചതും രഥയാത്ര്ക്ക് അനുകൂലമായി വിധിയെഴുതിയതും. ജനകോടികളുടെ വികാരങ്ങളെ മനസ്സിലാക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്ത ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാ ഭക്തരുടെ പേരില്‍ നന്ദി പറഞ്ഞു.

സുപ്രിംകോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനു വേണ്ടിയും കേന്ദ്രം ശ്രമിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സുപ്രിം കോടതിയുടെ വെക്കേഷന്‍ ബെഞ്ച് ഇന്നു തന്നെ കേസ് പരിഗണിക്കുകയും തീര്‍പ്പുണ്ടാക്കിയെന്നും ചെയ്‌തെന്ന് ഷാ പറഞ്ഞു.

ജൂണ്‍ 23ന് നടക്കേണ്ട രഥ യാത്രയ്ക്ക് ജൂണ്‍ 18ന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്. സാധാരണ വര്‍ഷാവര്‍ഷം നടക്കുന്ന രഥയാത്രയില്‍ 10 ലക്ഷം പേരാണ് പങ്കെടുക്കുക. ഒഡീഷയിലെ എന്‍ജിഒ ആയ ഒഡീഷ വികാസ് പരിഷത്ത് ആണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രഥയാത്ര വിലക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. മാസങ്ങളായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ രഥയാത്ര അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം.

കൊവിഡ് രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ എല്ലാ മതചടങ്ങുകളും നിരോധിച്ച ഒരു സര്‍ക്കാര്‍ തന്നെ അതിനു വിരുദ്ധമായാണ് ഇക്കാര്യത്തില്‍ നീക്കം നടത്തിയത്.

Next Story

RELATED STORIES

Share it