Latest News

വൈക്കം മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തിക്കൊന്ന കേസ്; പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്

വൈക്കം മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തിക്കൊന്ന കേസ്; പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്
X

കോട്ടയം: വൈക്കം മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തിക്കൊന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി . 2012ലെ കൊലപാതകത്തിലാണ് വിധി.

ഒന്നാം പ്രതി ഷമീര്‍ (45), സഹോദരന്‍ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുള്‍ അസീസ് (64), സുധീര്‍ (47), ഷാജി (54) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് നാല് പ്രതികളെ കോടതി വെറുതെ വിട്ടു. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ നോബിളിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. വിചാരണ വേളയില്‍ കൂറുമാറിയ നാല് സാക്ഷികള്‍ക്കെതിരെ കേസ് എടുക്കാനും കോടതി നിര്‍ദേശിച്ചു.

2012 മാര്‍ച്ച് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കത്തെ പെട്രോള്‍ പമ്പില്‍ വെച്ച് പ്രിയദര്‍ശിനി എന്ന ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബസ് ഡ്രൈവര്‍ നോബിളിനെ അസീസ് ആദ്യം മര്‍ദ്ദിച്ചു. പിന്നീട് മക്കളെയും കൂട്ടി ബസ് തടഞ്ഞുനിര്‍ത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നോബിളിനെയും സഹോദരന്‍ നോയലിനെയും ആശുപത്രിയില്‍ വെച്ചും പ്രതികള്‍ ആക്രമിച്ചു. ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ മുറിഞ്ഞപുഴയാറ്റില്‍ ചാടിയെങ്കിലും, കരയില്‍ നിന്ന പ്രതികള്‍ ഇവരെ ക്രൂരമായി കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. ഇതിനിടെയാണ് നോയല്‍ മുങ്ങിമരിച്ചത്.

Next Story

RELATED STORIES

Share it